വഖഫ് ബില്ലില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ബില്‍ ഭരണഘടനയ്ക്കുമേലുള്ള ആക്രമണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും അയോധ്യ ക്ഷേത്രം ഭരണസമിതിയിലും മുസ്‌ലിംകളെ ഉള്‍പ്പെടുത്താറുണ്ടോയെന്നും ബില്‍ അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു. ജനങ്ങളെ വിഭജിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് ഡി.എം.കെയും ആരോപിച്ചു.
വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു കരട് ബില്ലിലെ നിര്‍ദേശം. ബോര്‍ഡ് അംഗങ്ങളില്‍ ചുരുങ്ങിയത് രണ്ടുപേര്‍ അമുസ്‌ലിംകള്‍ ആകണമെന്നും രണ്ട് വനിതാ അംഗങ്ങള്‍ വേണമെന്നുമായിരുന്നു എം.പിമാര്‍ക്ക് നല്‍കിയ കരടിലെ വ്യവസ്ഥകള്‍. ഇതിന് പുറമെ വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം, വഖഫ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കാനുള്ള ശ്രമമാണിതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സ്വത്ത് കയ്യേറിയവര്‍ക്ക് തന്നെ അത് ലഭിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് ബില്ലെന്നും ലീഗ് കൂട്ടിച്ചേര്‍ത്തു.