egg-puffs-scandal

അഞ്ചുവര്‍ഷം കണ്ട് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢിയും കൂട്ടരും ഒഫീസിലിരുന്ന് തിന്നത് 18 ലക്ഷം മുട്ടപഫ്സ് . അതായത് ഒരു ദിവസം അകത്താക്കിയത് 993 എണ്ണം. തീറ്റക്കണക്ക് പറയരുതെന്നാണ്  പൊതുവേ പറയുന്നതെങ്കിലും അതെന്തൊരു തീറ്റയെന്നാണ് ഇപ്പോള്‍ മുന്‍മുഖ്യമന്ത്രിയുടെകാലത്തെ സാമ്പത്തി ക്രമക്കേടുകള്‍ അന്വേഷിക്കാനിറങ്ങിയ ഉദ്യോഗസ്ഥരുടെ സംശയം. അഞ്ച് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസ് ‘മുട്ട പഫ്സി’നായി 3.62 കോടി രൂപ ചെലവഴിച്ചത്രേ. അതായത് ഒരു വര്‍ഷം പഫ്സ് വാങ്ങാനുള്ള ശരാശരി ചെലവ് 72 ലക്ഷം രൂപ. 

പ്രതിദിനം 993 വീതം കണക്കാക്കിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തിന്നു തീര്‍ത്തത് 18ലക്ഷം പഫ്സ്. അതേസമയം, ഓഫീസിലെ ലഘുഭക്ഷണത്തിനായി ചെലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗന്‍ മോഹനെ അപമാനിക്കാനാണ് ശ്രമമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അരോപിക്കുന്നു. ഭക്ഷണത്തില്‍ ഇത്തരത്തില്‍ കുപ്രചരണം നടത്തണോ എന്നും ധൈര്യമുണ്ടെങ്കിൽ തെളിയിക്കാനും പാര്‍ട്ടി വെല്ലുവിളിക്കുന്നു. അതിന് കഴിഞ്ഞില്ലെങ്കില്‍ വ്യാജആരോപണങ്ങള്‍ പ്രചരിപ്പിച്ചതിന് പൊതുജനങ്ങളോട് മാപ്പുപറയണമെന്നാണ് പാര്‍ട്ടിയുടെ എക്സിലെ പോസ്റ്റ് 

2014-19 കാലയളവിൽ ചന്ദ്രബാബു നായിഡുവിനും മകന്‍ ലോകേഷിനും ലഘുഭക്ഷണം നൽകുന്നതിനായി സർക്കാർ 8.5 കോടി ചെലവഴിച്ചെന്നൊരു പ്രതിരോധവും വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആരോപണം വ്യാജമെന്ന് ടിഡിപി എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഭരണത്തിലേറിയതു മുതല്‍ ജഗൻ മോഹൻ റെഡ്ഡിയെ പൂട്ടാനുറച്ചാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെയും പാര്‍ട്ടിയുടേയും നീക്കം. കഴിഞ്ഞ മാസം ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഗുണ്ടൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ടിഡിപി എംഎൽഎ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലായിരുന്നു കേസ്. അവിടെയും തീരുന്നില്ല അധികാരത്തിൽ എത്തിയതിനു പിന്നാലെ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് ചന്ദ്രബാബു നായിഡു   വൈഎസ്ആർ കോൺഗ്രസിനെതിരെ അഴിച്ചുവിട്ടത്. 

രുഷികൊണ്ടയിലെ ആഡംബര വസതിയുടെ നിർമാണത്തിനും, ഔദ്യോഗിക വസതികളുടെ നവീകരണം എന്നിവയ്ക്ക് ജഗന്‍മോഹന്‍ സര്‍ക്കാര്‍  വഴിവിട്ട്  കോടികൾ ചെലവഴിച്ചുവെന്നും  ടിഡിപി ആരോപിക്കുന്നു . ജഗൻ മോഹൻ റെഡ്ഡിക്ക് ഉണ്ടായിരുന്ന സുരക്ഷാ സംവിധാനത്തെ കുറിച്ചും ആക്ഷേപമുണ്ട് . ജഗൻ സെക്യൂരിറ്റി സ്കാം എന്ന ഹാഷ്‌‌ടാഗോടെയായിരുന്നു ഈ ടിഡിപി ക്യാംപെയിന്‍.

ENGLISH SUMMARY:

TDP alleges that the YS Jagan Mohan Reddy's office has spent Rs 3.62 crore on 'egg puffs' in five years.