phogat-bajrang-punia-rahul-

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും മല്‍സരിക്കുമെന്നും സൂചന. വിനേഷും ബജ്റംഗ് പുനിയയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

 

വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാണ് ഡല്‍ഹിയിലെ നീക്കങ്ങള്‍. രാവിലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇരുവരും കെ.സി.വേണുഗോപാലിന്റെ വസതിയില്‍ എത്തിയത്. അരമണിക്കൂറോളം കെ.സിയുമായി ചര്‍ച്ച നടത്തി. ഹരിയാന കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് കൂടിക്കാഴ്ച. 

വിനേഷ് ഫോഗട്ട് മല്‍സരിക്കാന്‍ താല്‍പര്യമറിയിച്ചാല്‍ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. നാളെയോട് ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും ഇന്നലെ കോണ്‍ഗ്രസ് നേതാവ് ദീപക് ബാബറിയ പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച വിനേഷ് ഫോഗട്ട് ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയതും രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളായിരുന്നു. മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ ദാദ്രി മണ്ഡലമായിരിക്കും വിനേഷ് തിരഞ്ഞെടുക്കുക. 

ബജ്‌റംഗ് പൂനിയയും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയേക്കും. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണെതിരെ കഴിഞ്ഞ വര്‍ഷം  ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയും ഉള്‍പ്പെടെയുള്ളവരായിരുന്നു. 

ENGLISH SUMMARY:

Haryana Assembly polls, wrestlers Vinesh Phogat, Bajrang Punia meet Rahul Gandhi