തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സൗഹൃദം ഇരു പാര്‍ട്ടിയിലെയും അണികളില്‍ ആവേശം നിറയ്ക്കുന്നതാണ്. ഇരുവരും തമ്മിലുള്ള സൗഹൃദക്കാഴ്ചകളും കൂടിച്ചേരലുകളും സൈബറിടത്ത് ചുരുക്കം നേരംകൊണ്ടു തന്നെ വൈറലാകുന്നത് പതിവാണ്.

ഇപ്പോഴിതാ ‘അകലെയാണങ്കിലും അരികിലുണ്ടെന്ന്’ ഓര്‍മപ്പെടുത്തുന്ന ഒരു സ്നേഹക്കാഴ്ചയാണ് കാണാനാകുന്നത്.

നിലവില്‍ സംസ്ഥാനത്തേക്ക് നിക്ഷേപം തേടി യു.എസില്‍ തുടരുകയാണ് സ്റ്റാലിന്‍. ഇതിനിടെ ചിക്കാഗോയില്‍ അദ്ദേഹം ഒരു സൈക്കിള്‍ സവാരി നടത്തി. ‘സായംസന്ധ്യയുടെ ശാന്തത സ്വപ്നങ്ങള്‍ക്കുള്ള വേദിയാകുന്നു’ എന്ന കുറിപ്പിനൊപ്പം ഇതിന്‍റെ വിഡിയോ സ്റ്റാലിന്‍റെ എക്സ് അക്കൗണ്ടിലെത്തി.

തൊട്ടുപിന്നാലെ ‘സഹോദരാ, നമ്മള്‍ എന്നാണ് ചെന്നൈയിലൂടെ ഒന്നിച്ചൊരു സൈക്കിള്‍ സവാരി നടത്തുന്നത്?’ എന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.

ഇതിനു മറുപടിയായി ‘പ്രിയപ്പെട്ട സഹോദരാ, താങ്കള്‍ക്ക് സമയമുള്ളപ്പോള്‍ നമുക്കൊരുമിച്ച് ചെന്നൈയുടെ ഹൃദയത്തിലൂടെ ഒരു സവാരി നടത്തണം. ഒരു പെട്ടി നിറയെ മധുരം നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. സൈക്കിള്‍ സവാരിക്കു ശേഷം രുചികരമായ ദക്ഷിണേന്ത്യന്‍ ഭക്ഷണവും മധുരവും എന്‍റെ വീട്ടില്‍ നിന്ന് കഴിക്കാം’ എന്ന് സ്റ്റാലിന്‍റെ പോസ്റ്റ്.

നിമിഷനേരം കൊണ്ട് ഇരുവരുടെയും എക്സ് പോസ്റ്റുകള്‍ വൈറലായി. രണ്ടുപേരും ഒന്നിച്ചെത്തുന്നത് കാത്തിരിക്കുന്നുവെന്നാണ് കമന്‍റുകളില്‍ കൂടുതലും. 

ENGLISH SUMMARY: