TOPICS COVERED

സീതാറാം യച്ചൂരി വിടവാങ്ങിയതോടെ ആരായിരിക്കും അടുത്ത സി.പി.എം ജനറൽസെക്രട്ടറി എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ തുടങ്ങി. എം.എ.ബേബിക്കോ ബംഗാളിൽനിന്നുള്ള മുഹമ്മദ് സലീമിനോ നറുക്ക് വീഴാനാണ് സാധ്യത. യച്ചൂരിയെപ്പോലെത്തന്നെ കേരളത്തിനും ബംഗാളിനും പുറത്തുനിന്നുള്ള ഒരാൾ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

അടുത്തവർഷം പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സീതാറാം യച്ചൂരിയുടെ വിയോഗം. താൽക്കാലികമായി പകരക്കാരനെ കണ്ടെത്തിയേ മതിയാകു. കേരളത്തിൽനിന്നോ ബംഗാളിൽ നിന്നോ ഉള്ള ഒരാളെ പരിഗണിക്കാനാണ് സാധ്യത. മൂന്നുതവണ ജനറൽ സെക്രട്ടറി പദമലങ്കരിച്ച പ്രകാശ് കാരാട്ടിന് ഇനിയൊരൂഴം ഉണ്ടാവില്ല. ബൃന്ദ കാരാട്ട്, മണിക് സർക്കാർ, എന്നീ ദേശീയ നേതാക്കൾക്ക് 75 വയസ് പ്രാപരിധി പിന്നിട്ടു. 

കേരളത്തിൽനിന്നൊരാളെ പരിഗണിച്ചാൽ എം.എ.ബേബിക്കാണ് സാധ്യതയേറെ. ദേശീയതലത്തിലെ പ്രവർത്തന പരിചയവും സ്വാധീനവും സൗമ്യമായി ഇടപെടാനുള്ള കഴിവും  അദ്ദേഹത്തിന് ഗുണംചെയ്യും. പിണറായി വിജയൻ മുഖ്യമന്ത്രിയാണ്. പ്രായപരിധിയും പ്രതികൂലം. പി.ബിയിൽ ജൂനിയർ ആയതിനാൽ എം.എ.ബേബിയെ മറികടന്ന് എം.വി.ഗോവിന്ദനെയും പരിഗണിക്കില്ല. 

ബംഗാൾ ഘടകം മുഹമ്മദ് സലീമിനെയോ നീലോൽപൽ ബസുവിനേയോ നിർദേശിക്കാനാണ് സാധ്യത. കേരളത്തിനും ബംഗാളിനും പുറത്തുള്ള ഒരാളെ ജനറൽസെക്രട്ടറിയാക്കണം എന്ന അഭിപ്രായം ഉയർന്നാൽ തെലങ്കാനയിൽനിന്നുള്ള ബി.വി.രാഘവലുവിന് സാധ്യതയുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പ്രായപരിധിയിൽ ഇളവുനൽകി മുതിർന്ന ആർക്കെങ്കിലും ജനറൽസെക്രട്ടറിയുടെ ചുമതല നൽകാനുള്ള സാധ്യതയും തള്ളാനാവില്ല . 28 ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കും. 

ENGLISH SUMMARY:

Who will replace sitaram yechuri as CPM General Secretary.