സീതാറാം യച്ചൂരിയുടെ വിയോഗത്തോടെ സിപിഎമ്മിന്‍റെ പുതിയ ജനറല്‍ സെക്രട്ടറിയാരെന്നുള്ള ആകാംക്ഷ മുറുകുന്നു. ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള നേതൃയോഗം ഈമാസം 27 മുതല്‍ 30 വരെ ചേരും. 27, 28 തീയതികളില്‍ പിബിയും 29, 30 തീയതികളില്‍ കേന്ദ്ര കമ്മിറ്റി യോഗവുമാണ് ചേരുക.
സീതാറാം യച്ചൂരിയെ ചികില്‍സയ്ക്ക് പ്രവേശിപ്പിച്ചത‌് മുതല്‍ പാര്‍ട്ടി സെന്‍ററാണ് ജനറല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തം നിറവേറ്റുന്നത്. പുതിയ ജനറല്‍ സെക്രട്ടറി വരുന്നതുവരെ ഈ രീതി തുടരും. പിബിയില്‍ എം.എ.ബേബി, മുഹമ്മദ് സലിം, നിലോല്‍പല്‍ ബസു എന്നീ നേതാക്കള്‍ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നവരാണ്. മണിക് സര്‍ക്കാരിനും വൃന്ദ കാരാട്ടിനും 75 വയസ്സായതിനാല്‍ ഇവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെങ്കില്‍ കേന്ദ്ര കമ്മിറ്റി ഇളവ് നല്‍കണം. ഒരു വനിത ജനറല്‍ സെക്രട്ടറിയാവണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ വൃന്ദ കാരാട്ട് ജനറല്‍ സെക്രട്ടറിയാവും.
ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനം, മറ്റ് ദേശീയ പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധങ്ങളും ഘടകങ്ങളാകും. പ്രായപരിധിയും പൊളിറ്റ് ബ്യൂറോയിലെ സീനിയോറിറ്റിയും പരിഗണിച്ച് എം.എ.ബേബിക്ക് ആദ്യ പരിഗണന ലഭിക്കുമെങ്കിലും ബേബിയുടെ താല്‍പ്പര്യവും പ്രധാനമാണ്. പാര്‍ട്ടി പൂര്‍ണമായും ക്ഷയിച്ച ബംഗാളില്‍നിന്ന് ജനറല്‍ സെക്രട്ടറിയെ പരിഗണിക്കുകയാണെങ്കില്‍ മുഹമ്മദ് സലിം പദവിയിലെത്തും.
കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യമുറപ്പിച്ചിരുന്ന സീതാറാം യച്ചൂരിയുടെ വിടവാങ്ങലോടെ പാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയ നയസമീപനം എന്താകും എന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ വ്യക്തി കേന്ദ്രീകൃതമല്ലെന്നും യച്ചൂരി നടപ്പിലാക്കിയത് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളാണെന്നും മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ ഇതെല്ലാം പരിഗണിച്ചുള്ള തീരുമാനങ്ങളായിരിക്കും പാര്‍ട്ടി നേതൃയോഗങ്ങളിലുണ്ടാവുക.
After Yechury’s demise, crucial meeting of CPI-M to pick new general secretary