രണ്ടുദിവസത്തിനകം രാജിവയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. നിരപരാധിത്വം തെളിയിച്ചശേഷമേ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തൂവെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ. തന്നെ ജയിലില്‍ ഇട്ടത് ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണെന്ന് കേജ്‌രിവാള്‍ ആരോപിച്ചു.
തന്റെ രാജി ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി. ഇരുന്നൂറ് ദിവസത്തെ ജയില്‍വാസം തന്നെ പൂര്‍വ്വാധികം ശക്തനാക്കിയെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി കേജ്‌രിവാള്‍. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് വരെ തടയാന്‍ ശ്രമിച്ചു.
ജയിലില്‍ നിന്ന് കത്തയക്കരുതെന്ന് പറഞ്ഞുവരെ ഭീഷണി ഉണ്ടായി. തന്നെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആളുകളെ വിലക്കി. ജയില്‍ പലതും പഠിക്കാനുള്ള അവസരമായെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. മദ്യനയഅഴിമതിക്കേസില്‍ ജയില്‍മോചിതനായ അരവിന്ദ് കേജ്‌രിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.