ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നാളെ ലഫ്റ്റനന്‍റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയേക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കേജ്‌രിവാൾ സിവിൽ ലൈൻസിലെ ഔദ്യോഗിക വസതി ഒഴിയും. രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയും ചൂടുപിടിക്കുകയാണ്. ഡല്‍ഹി മന്ത്രിമാരായ അതിഷി, ഗോപാല്‍ റായ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
സുഷമ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ഡല്‍ഹിക്ക് മറ്റൊരു വനിത മുഖ്യമന്ത്രിയെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മന്ത്രി അതിഷിയെ അടുത്ത തിരഞ്ഞെടുപ്പ് വരെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ അതൊരു നാഴികകല്ലാകും. മദ്യനയ കേസില്‍ ഉള്‍പ്പെടാത്ത മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. അതിഷിയും ഗോപാല്‍ റായിയുമല്ലെങ്കില്‍ കേജ്‍രിവാളിന്‍റെ ഭാര്യ സുനിതയെത്തുമോ എന്ന ചോദ്യവും ബാക്കിയാണ്.
എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ സുനിതയുടെ സാധ്യത പൂര്‍ണമായി തള്ളിക്കളയുന്നു. രണ്ട് ദിവസം കഴിഞ്ഞ് രാജിയെന്നാണ് കേജ്‍രിവാള്‍ പറഞ്ഞത്. അതായത് നാളെ മുതല്‍ എന്നുവേണമെങ്കിലും ആ തീരുമാനമുണ്ടാകും. എംഎല്‍എമാരുടെ യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും എഎപിയുടെ സര്‍വാധികാരിയായ കേജ്‍രിവാള്‍ അടുത്ത മുഖ്യമന്ത്രിയെ ഇതിനകം തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ടാകും.
ആര് മുഖ്യമന്ത്രിയാകും എന്നല്ല, ബിജെപിക്കും കോണ്‍ഗ്രസിനും ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പറ്റുമോയെന്ന് എഎപി രാഷ്ട്രീയ ചോദ്യവും ഉയര്‍ത്തുന്നു. ഡല്‍ഹി സ്പീക്കര്‍ രാംനിവാസ് ഗോയല്‍ മുഖ്യമന്ത്രി കേജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ഞായറാഴ്ച എഎപി ഡല്‍ഹിയില്‍ ഒരു മഹാറാലി സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം, കേജ്രിവാളിന്റേത് സഹതാപം പിടിച്ചുപറ്റാനുള്ള നീക്കമാണെന്നാണ് ഡല്‍ഹി പിസിസിയുടെ വിമര്‍ശനം.