ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവനീത് സിങ് ബിട്ടു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് വന്ന സിഖുകാരെ കുറിച്ചുള്ള പരാമര്‍ശം ചൂണ്ടിയാണ് കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയാണ് നമ്പര്‍ വണ്‍ ഭീകരവാദിയെന്നും പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണം എന്നും രവനീത് സിങ് ബിട്ടു പറഞ്ഞു.
'രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. ഭൂരിഭാഗം സമയവും രാഹുല്‍ ഇന്ത്യക്ക് പുറത്താണ് ചിലവഴിക്കുന്നത്. തന്റെ രാജ്യത്തെ രാഹുല്‍ സ്നേഹിക്കുന്നില്ല. അതിനാലാണ് വിദേശത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി പറയുന്നത്. പിടികിട്ടാപ്പുള്ളികളും വിഘടനവാദികളും, ബോംബും തോക്കുമെല്ലാം നിര്‍മിക്കുന്നവരുമാണ് രാഹുല്‍ ഗാന്ധി പറയുന്നതിനെ പിന്തുണയ്ക്കുന്നത്, കേന്ദ്ര മന്ത്രി രവനീത് സിങ് ബിട്ടു പറഞ്ഞു.
രാജ്യത്തെ സിഖ് വിഭാഗക്കാര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങള്‍ ചെയ്യാനാവുന്നില്ല എന്നായിരുന്നു അമേരിക്കയില്‍ സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. 'സിഖുകാരനാണെങ്കില്‍ അദ്ദേഹത്തിന് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ, സിഖുകാരന് ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോ, അതിനെല്ലാം വേണ്ടിയാണ് ഈ പോരാട്ടം. സിഖുകാരന് വേണ്ടി മാത്രമല്ല, എല്ലാ മതവിഭാഗക്കാര്‍ക്കും വേണ്ടി, രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു എന്നാണ് ബിജെപി ആരോപിച്ചത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പൈശാചികമായിരുന്നു എന്നും രാജ്യത്തെ സിഖ് വിഭാഗത്തിന്റെ ജീവിതം മോശമാണെന്ന തെറ്റിദ്ധാരണ വിദേശത്ത് പടര്‍ത്താനാണ് രാഹുല്‍ ശ്രമിച്ചതെന്നും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പൂരിയും ആരോപിച്ചിരുന്നു.
ഈ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായാണ് രവനീത് സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ ബിട്ടുവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ഇത്തരം മനുഷ്യരോട് തങ്ങള്‍ക്ക് സഹതാപം മാത്രമാണ് ഉള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷിത് പ്രതികരിച്ചു.