തമിഴ് സൂപ്പര്‍താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ അതീവ ആകാക്ഷയോടെയാണ് ആരാധകരും രാഷ്ട്രീയക്കാരും ഉറ്റുനോക്കുന്നത്. ‘തമിഴക വെട്രി കഴകം’ എന്ന വിജയ്‌യുടെ പാര്‍ട്ടി തമിഴ്നാട്ടില്‍ വേരുറപ്പിക്കുമോ, ആരാധക പിന്തുണ അതിന് കരുത്താകുമോ എന്നതെല്ലാം കണ്ടറിയേണ്ട കാര്യമാണ്. അതിനിടെ പാര്‍ട്ടിയുടെ ആദ്യ പൊതുറാലി ഒക്ടോബര്‍ 27ന് നടത്തുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നു.
വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ പൊതുറാലി നടക്കുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ റാലിയില്‍ വച്ച് വെളിപ്പെടുത്തുമെന്നാണ് പുറത്തുവന്നിരിക്കുന്ന പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം, നേതാക്കള്‍ തുടങ്ങി എല്ലാ വിവരങ്ങളും അന്നറിയാം.
ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും അടിയുറച്ചു നില്‍ക്കുന്ന മണ്ണില്‍ ‘ടി.വി.കെ’ എന്ന പുത്തന്‍ പാര്‍ട്ടി എന്തുമാറ്റം കൊണ്ടുവരും, പാര്‍ട്ടിയുടെ നിലനില്‍പ്പ് എങ്ങനെ എന്ന ചോദ്യങ്ങളും അതിനിടെ സജീവമാണ്. എ.ഐ.എ.ഡി.എം.കെ നേതാവ് എം.ജി.ആറിന്‍റെ അടക്കം പാത പിന്തുടര്‍ന്നാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശമെങ്കില്‍, വിജയത്തിലേക്കുള്ള പാര്‍ട്ടിയുടെ വഴി അതികഠിനമാകുമെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.
എം.ജി.ആറും ഡി.എം.ഡി.കെ നേതാവ് വിജയകാന്തുമായി താരതമ്യം ചെയ്തു നോക്കിയാല്‍ വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ സാധ്യത വിരളമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇരുവര്‍ക്കും ‘നായകന്‍’ എന്നതിലുപരി രാഷ്ട്രീയ–ജനകീയ ബലം കൂടിയുണ്ടായിരുന്നു. എം.ജി.ആര്‍ കോണ്‍ഗ്രസിലും ഡി.എം.കെയിലും വളരെക്കാലം പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വന്തമായി പാര്‍ട്ടി രൂപികരിച്ചത്. മാത്രമല്ല ‘പാവങ്ങളുടെ തോഴന്‍’ എന്ന കാഴ്ചപ്പാടായിരുന്നു ജനങ്ങള്‍ക്ക് എം.ജി.ആറിനോട്.
വിജയകാന്തും ജനസേവനത്തില്‍ മുന്‍പന്തിയില്‍ തന്നെ. എന്നാല്‍ വിജയ്‌ക്ക് പൊതുമധ്യത്തില്‍ അങ്ങനെയൊരു ചിത്രമല്ല. കുറച്ചുവര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കി വരുന്നു എന്നല്ലാതെ പൊതുവായ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കുമൊപ്പം പിടിച്ചുനില്‍ക്കാന്‍ ടി.വി.കെ എന്ന പുത്തന്‍ പാര്‍ട്ടിക്കാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.