മുൻമന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം ലഭിച്ചതോടെ തമിഴ്നാട്ടില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് കളമൊരുക്കി. സെന്തില്‍ ബാലാജിയെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞു. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കും.
പുനസംഘടനയുണ്ടാകുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നേരത്തേ കൃത്യമായ സൂചന നല്‍കിയിരുന്നു. സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയില്‍ വിധിവരുന്നത് വരെ ഇക്കാര്യത്തില്‍ പ്രഖ്യാപനം വേണ്ടെന്ന നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് കാത്തിരുന്നത്. മന്ത്രിമാരുടെ വകുപ്പുകളോ, മന്ത്രിമാര്‍ തന്നെയോ മാറാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സെന്തില്‍ ബാലാജി മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എക്സൈസ്, വൈദ്യുതി വകുപ്പുകളാണ് നേരത്തേ അദ്ദേഹത്തിനുണ്ടായിരുന്നത്.
സെന്തില്‍ ബാലാജിക്ക് ജാമ്യം ലഭിച്ചയുടന്‍ എത്തിയ മുഖ്യമന്ത്രിയുടെ എക്സ് കുറിപ്പും ഇദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിക്കും എന്ന് സൂചിപ്പിക്കുന്നതാണ്. സെന്തില്‍ ബാലാജിയുടെ ത്യാഗം വളരെ വലുതാണെന്നും മുന്‍പത്തേക്കാളും വീര്യത്തോടെ തിരിച്ച് വരുന്ന ബാലാജിയെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു സ്റ്റാലിന്റെ കുറിപ്പ്. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെങ്കില്‍ ഏത് വകുപ്പാകും ലഭിക്കുക, മുന്‍പ് ഉണ്ടായിരുന്ന വകുപ്പ് ലഭിക്കുമോ തുടങ്ങി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിൽ പാര്‍ട്ടിക്കത്ത് എതിരഭിപ്രായങ്ങളില്ല. മുഖ്യമന്ത്രി സമ്മതം മൂളിയാല്‍ മാത്രം മതിയെന്നാണ് വിവരം. ഉദയനിധി ഉപമുഖ്യമന്ത്രിയാകണമെന്ന് കഴിഞ്ഞ ജനുവരി മുതല്‍ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. 2026 തിരഞ്ഞെടുപ്പിന് മുന്‍പ് യുവാക്കളെ പാര്‍ട്ടിക്കൊപ്പം ചേര്‍ത്ത് നിര്‍ത്തുവാന്‍ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍.