സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ രാഷ്ട്രീയ പ്രതികരണം പാടില്ലെന്ന് സിപിഐ നേതാവ് ആനി രാജയ്ക്ക് നിര്‍ദേശം. സിപിഐ ദേശീയ നിര്‍വാഹക സമിതിയുടേതാണ് നിര്‍ദേശം. കഴിഞ്ഞ മാസം ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവാണ് നിര്‍ദേശം കൊടുത്തത്. സ്ത്രീ വിഷയങ്ങളിലും ദേശീയ വിഷയങ്ങളിലും അഭിപ്രായം പറയാം. വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നില്ലെന്നു കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചു. ഡി.രാജയുടെ ഭാര്യയാണ് ആനിരാജ.
കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ആനിരാജയുമായി നേതൃത്വം വിയോജിപ്പിലായിരുന്നു. പൊലീസിൽ സംഘപരിവാർവൽക്കരണം നടക്കുന്നതായി ആനിരാജ ചൂണ്ടിക്കാട്ടിയത് വിവാദമായിരുന്നു. ഇതിനെതിരെ സിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ആനിരാജ സ്വീകരിച്ചതായാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.