ഹരിയാനയില്‍ ബി.ജെ.പിയുടെ ഹാട്രിക്ക് നേട്ടത്തിന് ഇക്കുറിയും ഒപ്പം നിന്നത് രാജസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന ദക്ഷിണ ഹരിയാനയിലെ  അഹിര്‍വാള്‍ മേഖല. 2014ലും 2019ലും പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചതും അഹിര്‍വാള്‍ ബെല്‍റ്റായിരുന്നു. ഗുഡ്ഗാവ്, രേവാരി, മഹേന്ദർഗഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അഹിർവാൾ മേഖല 2014 മുതൽ ബി.ജെ.പിക്കൊപ്പം തന്നെയാണ്.

ഗുരുഗ്രാം, റെവാരി, ഫരീദാബാദ്, ഭിവാനി-മഹേന്ദർഗഡ് എന്നിങ്ങനെ നാല് ലോക്‌സഭാ സീറ്റുകളാണ് അഹിര്‍വാള്‍ മേഖലയല്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭാ സീറ്റുകളിലെ 28 സീറ്റുകളും അഹിർവാൾ മേഖലയിലാണ്. 2014ൽ അഹിര്‍വാള്‍ ബെല്‍റ്റില്‍ 15 സീറ്റുകളാണ് ബിജെപി നേടിയത്. 2019 ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയില്‍ ബിജെപിക്ക് ലഭിച്ച ആകെ സീറ്റുകളുടെ എണ്ണം 47 ൽ നിന്ന് 40 ആയി കുറഞ്ഞപ്പോഴും അഹിർവാൾ മേഖലയിൽ ബിജെപി 16 സീറ്റുകൾ നേടി. 

ഭൂപീന്ദർ സിങ് ഹൂഡ അധികാരത്തിലിരുന്നപ്പോൾ തഴഞ്ഞു എന്നതാണ് വര്‍ഷങ്ങളായി അഹിര്‍വാള്‍ മേഖലയിലെ ബിജെപിയുടെ ആയുധം. ജാട്ട് മോഖലയും തന്‍റെ സ്വന്തം തട്ടകവുമായ റോത്തക്കിൽ മാത്രമാണ് മുൻ മുഖ്യമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. സംസ്ഥാനത്തിന്‍റെ വരുമാനത്തിന്‍റെ ഭൂരിഭാഗവും ഈ മേഖലയിൽ നിന്നാണ് വരുന്നതെങ്കിലും, ദക്ഷിണ ഹരിയാനയുടെ, പ്രധാനമായും ഗുരുഗ്രാമിന്‍റെ സാധ്യതകളെ കോൺഗ്രസ് തുരങ്കം വയ്ക്കുകയാണെന്നാണ് ബിജെപിയുടെ എക്കാലത്തെയും ആരോപണം.

ഇത്തവണ അഹിര്‍വാളില്‍ ബിജെപിയെ മുന്നില്‍ നിന്നു നയിച്ചവരില്‍ ഗുരുഗ്രാം ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദർജിത് സിങ് ഉൾപ്പെടെയുള്ളവരാണ്. എംപിയായി ആറാം തവണയും വിജയിച്ചതിന് പിന്നാലെയാണ് ഹരിയാന തിരഞ്ഞെടുപ്പിന്‍റെ മുഖമായി അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്‍റെ മകൾ ആരതി റാവു ഉൾപ്പെടെ അദ്ദേഹത്തിന്‍റെ വിശ്വസ്തരായ മിക്കവർക്കും ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നു.

ENGLISH SUMMARY:

As the BJP moves closer to a hat-trick victory in Haryana, once again, the area contributing to the party's success is the Ahirwal region in southern Haryana, which shares a border with Rajasthan. This Ahirwal belt has played a crucial role in helping the party form the government in both 2014 and 2019. The Ahirwal region, which spans areas like Gurgaon, Rewari, and Mahendragarh, has been aligned with the BJP since 2014.