ഹരിയാന പിടിപിക്കാനായി ഹൈ വോള്‍ട്ടേജ് പ്രചാരണവുമായി രംഗത്തെത്തിയ എഎപിയ്ക്കും കാലിടറി. അയൽ സംസ്ഥാനങ്ങളായ ഡൽഹിയിലും പഞ്ചാബിലും വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാനായതിന്‍റെ പിന്നാലെയാണ് ഹരിയാനയിലും കാലുറപ്പിക്കാനാകുമെന്ന് ആം ആദ്മി പാർട്ടി പ്രതീക്ഷിച്ചത്. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് 1.53% വോട്ടുകൾ മാത്രമാണ് നേടാനായത്.
കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഹരിയാനയിലെ 90 സീറ്റുകളിൽ 89ലും എഎപി ഒറ്റയ്ക്ക് മത്സരിച്ചത്. ഹൈവോള്‍ട്ടേജ് പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയതെങ്കിലും എഎപിയുടെ മുഖമായ അരവിന്ദ് കെജ്‌രിവാളിന്‍റെ അഭാവം പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍, ഡൽഹി മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കെജ്‌രിവാള്‍ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. എങ്കില്‍പ്പോലും പാർട്ടി വോട്ടർമാരിൽ സ്വാധീനം ചെലുത്താൻ വളരെ വൈകിയെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
2019ൽ ഹരിയാനയിൽ മത്സരിച്ച 46 സീറ്റുകളിലും എഎപി തോറ്റിരുന്നു എന്ന് മാത്രമല്ല നോട്ടയേക്കാൾ കുറഞ്ഞ വോട്ട് വിഹിതമാണ് പാര്‍ട്ടിക്ക് ലഭിക്കുകയും ചെയ്തത്. 2014ലെ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഹരിയാനയിലെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ അക്കൗണ്ട് തുറക്കാന്‍ എഎപിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തവണയാകട്ടെ ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ‘മണ്ണിന്‍റെ മകൻ’ ആയാണ് കെജ്‌രിവാളിനെ പാര്‍ട്ടി സംസ്ഥാനത്ത് അവതരിപ്പിച്ചത്. പക്ഷേ ഫലമുണ്ടായില്ല.
അതേസമയം, വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഹരിയാനയില്‍ ബിജെപി ഹാട്രിക്കിലേക്ക് അടുക്കുകയാണ്. അമ്പത് സീറ്റിനടുത്തേക്ക് ബിജെപി ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. ഒരുഘട്ടത്തില്‍ അമ്പത് സീറ്റിന് മുകളില്‍ ലീഡ് നേടിയ കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം പിടിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. സാവധാനം മുന്നേറിയ ബിജെപി കോണ്‍ഗ്രസിനെ മറികടന്നു. ഹരിയാനയിലെ ഗ്രാമീണമേഖലയില്‍ നേട്ടമുണ്ടാക്കാനായെങ്കിലും നഗരപ്രദേശങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടു.