ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച് ഇന്ത്യയിലെ സമ്പന്ന വനിത. 19,000 വോട്ടുകൾക്കാണ് ജിൻഡാൽ കോൺഗ്രസ് സ്ഥാനാർഥിയായ രാം നിവാസ് രാരയെ തോൽപ്പിച്ചത്. 12 റൗണ്ടും വോട്ടെണ്ണി പൂർത്തിയായപ്പോൾ സാവിത്രി ജിൻഡാലിന് 49,231 വോട്ടാണ് ലഭിച്ചത്. രാം നിവാസ് രാരയ്ക്ക് 30,290 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ കമാൽ ഗുപ്തയ്ക്ക് 17,385 വോട്ടാണ് ലഭിച്ചത്. മുൻ കോൺഗ്രസ് മന്ത്രിയും ഇന്ത്യയിലെ സമ്പന്ന വനിതയും ഒപി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സണുമാണ് സാവിത്രി ജിൻഡാൽ.
Also Read: ഹരിയാന പിടിക്കാന്‍ ബിജെപിയെ തുണച്ച് ‘അഹിര്‍വാള്‍ ബെല്‍റ്റ്’
നേരത്തെ കോൺഗ്രസിലായിരുന്ന സാവിത്രി ജിൻഡാൽ മാർച്ചിലാണ് മകൻ നവീൻ ജിൻഡാലിനൊപ്പം പാർട്ടി വിട്ടത്. ലോക്സഭാംഗമായിരുന്ന നവീൻ ബിജെപിയിൽ ചേർന്ന് കുലശേഖര ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു. ഹിസാർ മണ്ഡലത്തിൽ നിന്ന് സീറ്റ് പ്രതീക്ഷിച്ചിരുന്ന സാവിത്രി ജിൻഡാലിനെ വെട്ടി സിറ്റിങ് എംഎൽഎയമായും മന്ത്രിയുമായിരുന്ന കമാൽ ഗുപ്തയ്ക്കാണ് ബിജെപി ടിക്കറ്റ് നൽകിയത്. ഇതിന് പിന്നാലെയാണ് സാവിത്രി ജിൻഡാൽ സ്വതന്ത്രയായി മത്സരിച്ചത്.
നേരത്തെ കോൺഗ്രസിലായിരുന്ന കാലത്ത് 2005 ലാണ് സാവിത്രി ആദ്യമായി ഹിസാറിൽ നിന്നും നിയമസഭയിലെത്തുന്നത്. 2009-2014 കാലത്തും ഹിസാർ നിയമസാഭാ മണ്ഡലത്തിൽ നിന്നും സാവിത്രി ജിൻഡാൽ വിജയിച്ചിട്ടുണ്ട്. 2013 ൽ ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാറിൽ റവന്യു ദുരന്ത നിവാരണവകുപ്പ് മന്ത്രിയായിരുന്നു.
Also Read: ‘കൈ’പിടിച്ച് ജുലാന; കന്നിയങ്കത്തില്‍ ജയിച്ച് കയറി വിനേഷ്
മൂന്ന് തവണ നിയമസഭയിലെത്തിയ ഭർത്താവ് ഓം പ്രകാശ് ജിൻഡാലിൻറെ മരണ ശേഷമാണ് സാവിത്രി ജിൻഡാൽ രാഷ്ട്രീയത്തിസെത്തുന്നത്. 2014 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് തോൽവി നേരിട്ട ചരിത്രവും സാവിത്രി ജിൻഡാലിനുണ്ട്.
2005 ൽ വൈദ്യുത മന്ത്രിയായിരുന്ന ഒപി ജിൻഡാൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് ശേഷമാണ് സാവിത്രി ചുമതലകൾ ഏറ്റെടുക്കുന്നത്. സ്റ്റീൽ പവർ കമ്പനിയായ ഒപി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സണാണ് നിലവിൽ സാവിത്രി ജിൻഡാൽ.
സെപ്റ്റംബർ 28 ന് പുറത്തുവന്ന ബ്ലൂംബെർഗിന്റെ ബില്യണർ സൂചിക പ്രകാരം 36.3 ബില്യൺ ഡോളറാണ് സാവിത്രി ജിൻഡാലിൻറെ ആകെ ആസ്തി. ഇന്ത്യയിലെ എറ്റവും സമ്പന്നയായ വനിതയെന്ന വിശേഷണത്തിനുമപ്പുറം സാവിത്രി ജിൻഡാൽ ഇന്ത്യയിലെ അതിസമ്പന്നരിൽ ആദ്യപത്തിലുള്ള ഏകവനിതയുമാണ്.