കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നിലോടുമ്പോളും 12 ഇടത്ത് മറ്റുള്ളവര്‍ക്കും ലീഡുണ്ട്. ഈ സാഹചര്യത്തില്‍ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ. തൂക്കുസഭയാണ് അധികാരത്തിലെത്തിയാൽ സ്വതന്ത്രന്മാരുടെ നിലപാട് നിർണായകമാകും എന്നതില്‍ സംശയമില്ല.
നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനങ്ങളെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പി.ഡി.പിയെയും സ്വതന്ത്രരെയും കോണ്‍ഗ്രസിന് കൂടെക്കൂട്ടേണ്ടിവന്നേക്കാം എന്നാണ് സര്‍വേകള്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാകുന്നത്.
അതേസമയം, നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലഫ്. ഗവർണറുടെ അധികാരത്തിലേക്കും രാജ്യം ഉറ്റുനോക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് അംഗങ്ങളെ നാമമിര്‍ദേശം ചെയ്താല്‍ അവരുടെ പിന്തുണ ബിജെപിക്ക് ലഭിക്കും. നാമനിർദേശം നടന്നാൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചേക്കാം. രണ്ടു സ്ത്രീകൾ, രണ്ടു കശ്മീരി പണ്ഡിറ്റുകൾ, പാക്ക് അധീന കശ്മീരിൽനിന്ന് നാടുകടത്തപ്പെട്ട ഒരാൾ എന്നിങ്ങനെയാണ് ലഫ്. ഗവർണർക്ക് നാമനിർദേശം ചെയ്യാൻ സാധിക്കുക.
കശ്മീരില്‍ നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 40 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം ബിജെപി 23 സീറ്റില്‍ ലീഡ് ചെയ്യുന്നു. ജമ്മു മേഖലയിൽ 43 സീറ്റുകളും കശ്മീർ മേഖലയിൽ 47 സീറ്റുകളും ഉൾപ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരിൽ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.