omar-abdullah-jknc

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല ഒരു പ്രതിഞ്ജയെടുത്തിരുന്നു ‘ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെ’. എന്നാല്‍ ഈ ശപഥം മറന്നാണ് തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ഒമര്‍ മല്‍സരിക്കാനിറങ്ങിയത്. അന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒമര്‍ പറഞ്ഞു... 

‘2 സീറ്റുകളിൽ ഞാൻ മത്സരിക്കുന്നതു ബലഹീനതയല്ല. അത് നാഷനൽ കോൺഫറൻസിന്‍റെ ശക്തിയുടെ തെളിവാണ്. ബാരാമുല്ല, അനന്ത്നാഗ്, ശ്രീനഗർ എന്നിവിടങ്ങളിലെല്ലാം നാഷനൽ കോൺഫറൻസിന് അനുകൂല ട്രെൻഡാണു കാണുന്നത്. കഴിഞ്ഞ 5-6 വർഷമായി ഉയർന്ന അഴിമതി ആരോപണങ്ങളെല്ലാം അന്വേഷിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ജനം സന്തുഷ്ടരല്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ’

ശ്രീനഗറിൽ നിന്ന് 25 കിലോ മീറ്റർ അകലെ 2 മണ്ഡ‍ലങ്ങളില്‍ നിന്നാണ് ഒമർ അബ്ദുല്ല ജനവിധി തേടിയത്; ഗാൻദെർബാൽ, ബഡ്ഗാം. ഫാറൂഖ് അബ്ദുല്ല കുടുംബത്തിന്‍റെ തട്ടകമായി കരുതുന്ന ഇതേ ഗാൻദെർബാലിൽ നിന്ന് വിജയിച്ചാണ് ഒമര്‍ 2008 ല്‍ മുഖ്യമന്ത്രിയായതും. എങ്കിലും പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്ക് പുറമെ പ്രാദേശിക സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളും രണ്ട് മണ്ഡലങ്ങളിലും ഒമറിനെതിരെ മല്‍സരരംഗത്തുണ്ടായിരുന്നു. പക്ഷേ ഒമറിന്‍റെ വിജയത്തിന് ഇക്കുറി ഇതൊന്നും തടസമായില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്കാണ് ഒമര്‍ പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ച് ഒമര്‍ എത്തിയാല്‍ നേട്ടം നാഷണല്‍ കോണ്‍ഫറന്‍സിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല, അബ്ദുള്ള കുടുംബത്തിനും കൂടിയായിരിക്കും. മല്‍സരിച്ച സീറ്റുകളുടെ എണ്ണത്തില്‍ എന്‍സിക്ക് പിന്നിലാണ് കോണ്‍ഗ്രസ് എന്നിരിക്കെ മുഖ്യമന്ത്രി കസേരയിലേക്കായിരിക്കും ഒമര്‍ അബ്ദുല്ല തിരിച്ചെത്തുന്നത്.

ENGLISH SUMMARY:

After the Lok Sabha elections, former Chief Minister of Jammu and Kashmir and National Conference leader Omar Abdullah had made a pledge: "I will not contest elections until the statehood of Jammu and Kashmir is restored." However, he has forgotten this vow and is now contesting in two constituencies in the elections.