ഹരിയാനയില്‍ വന്‍ മുന്നേറ്റവുമായി ബി.ജെ.പി, 51 സീറ്റില്‍ മുന്നില്‍. കോണ്‍ഗ്രസ് ലീഡ് 34 സീറ്റുകളില്‍ മാത്രം, അഞ്ചിടത്ത് മറ്റുള്ളവര്‍. ഗ്രാമീണമേഖലയിലെ നേട്ടം നഗര മേഖലകളില്‍ തുടരാനാകാതെ കോണ്‍ഗ്രസ്. വമ്പന്‍ ട്വിസ്റ്റ്, ഞെട്ടി കോണ്‍ഗ്രസ് . ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന് തടയിട്ട് ബി.ജെ.പി തിരിച്ചുവരവ്. കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡയും വിനേഷ് ഫോഗട്ടും പിന്നിലാണ്.
ജമ്മു കശ്മീരിലും കോണ്‍ഗ്രസിന് നേരിയ തോതില്‍ ലീഡ് കുറയുന്നു. ലീഡുയര്‍ത്തി സ്വതന്ത്രര്‍. ഇന്ത്യ സഖ്യം 48; ബിജെപി 25; പിഡിപി 3 സീറ്റുകളില്‍ മുന്നില്‍. 14 സ്വതന്ത്രര്‍ മുന്നില്‍. ഇവരുടെ നിലപാട് നിര്‍ണായകമാണ്. നിലവിലും കേവലഭൂരിപക്ഷത്തിനുള്ള ലീഡ് ഇന്ത്യാസഖ്യത്തിന് തന്നെയാണ്.
രണ്ടിടത്തും 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകള്‍ വേണം. ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം അനുകൂലമായതോടെ ഹരിയാനയയില്‍ ആരാകണം മുഖ്യമന്ത്രി എന്നതിലും സര്‍ക്കാര്‍ രൂപീകരണത്തിലും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങി്ക്കഴിഞ്ഞു. നിയമസഭ– ലോക്സഭ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ മുഖ്യമന്ത്രിയായേക്കും.
പത്തുവര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുമെന്നാണ് സര്‍വെകളെല്ലാം പ്രവചിച്ചത്. കേവല ഭൂരിപക്ഷം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പി.ഡി.പിയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ്– നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യം ശ്രമം തുടങ്ങി. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചേക്കുമെന്നാണ് എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അവകാശത്തിലാണ് പ്രതിപക്ഷത്തിന് ആശങ്ക. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് അംഗങ്ങളെ നാമമിര്‍ദേശം ചെയ്താല്‍ അവരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കും. സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാണ്.