മണിപ്പൂര്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിനെ മാറ്റണമെന്ന് ബിജെപി എംഎല്‍എമാര്‍. കലാപം തുടരുന്ന മണിപ്പൂരിനെ ശാന്തമാക്കാനുള്ള ഏക പോംവഴി മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. സമാധാനം പുനസ്ഥാപിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നും എംഎല്‍എമാര്‍ പ്രതികരിച്ചു.
മണിപ്പൂര്‍ കലാപം 16 മാസം പിന്നിട്ടിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമാധാനം പുനസ്ഥാപിക്കാനായിട്ടില്ല. ആഭ്യന്തരമന്ത്രാലയം വിളിച്ച സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനുള്ള ബിജെപി എംഎല്‍എമാരുടെ തീരുമാനം. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിനെ മാറ്റാതെ ഒരു സമാധാന നടപടിയും ഫലം കാണില്ലെന്നാണ് 19 ബിജെപി എംഎല്‍എമാരുടെ വാദം. മണിപ്പൂരിനെ രക്ഷിക്കാനും സംസ്ഥാനത്തെ ബിജെപിയുടെ തകര്‍ച്ചക്ക് തടയിടാനും മുഖ്യമന്ത്രി മാറ്റം അനിവാര്യമാണ്. ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാനോ കുറയ്ക്കാനോ മുഖ്യമന്ത്രിക്കായില്ലെന്നും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രി മാറിയില്ലെങ്കില്‍ സഖ്യകക്ഷി എംഎല്‍എമാര്‍ രാജിവക്കുമെന്ന മുന്നറിയിപ്പുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബിജെപി എംഎല്‍എമാര്‍ പറയുന്നു. പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യം ബിജെപി എംഎല്‍എമാര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി എന്ന് കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാനത്തെ ആറ് സ്വയം ഭരണാധികാരമുള്ള ജില്ലാ കൗണ്‍സിലുകളുടെ തിരഞ്ഞെടുപ്പ് 4 വര്‍ഷമായി നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘനചന്ദ്ര വിമര്‍ശിച്ചു.