യു.പി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിൽക്കാൻ കോൺഗ്രസ്. സീറ്റ് വിഭജനത്തിലെ തർക്കം പരിഹരിക്കപ്പെടാത്തതിനാലാണ് എസ്.പിയെ പിന്തുണച്ച് മല്‍സര രംഗത്തുനിന്നും മാറിനിൽക്കാനുള്ള നീക്കം. സ്വാധീനം ഇല്ലാത്ത രണ്ടു സീറ്റുകൾ മാത്രമാണ് സമാജ്‌വാദി പാർട്ടി കോൺഗ്രസിന് നൽകിയത്.
ഹരിയാനയിലെ കോൺഗ്രസ് തോൽവിക്ക് പിന്നാലെ അപ്രതീക്ഷിതമായാണ് 9 നിയമസഭ സീറ്റുകളിലെ ഏഴെണ്ണത്തിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഏകപക്ഷീയ നീക്കം കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. വിജയസാധ്യത മുൻനിർത്തിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എന്നും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത ഗാസിയാബാദ്, ഖൈർ സീറ്റുകൾ കോൺഗ്രസിന് നൽകാമെന്നുമാണ് എസ് പി നിലപാട്. ഫുൽപൂർ, സിസാമൗ, മജവാൻ അടക്കം 4 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
സമാജ്‌വാദി പാര്‍ട്ടി നിലവിൽ നൽകിയ ഖൈറിലോ ഗാസിയാബാദിലോ കോൺഗ്രസ് ഇതുവരെ വിജയിച്ചിട്ടില്ല. സമാജ് വാദി പാർട്ടി ഏഴു സീറ്റുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനാലും സീറ്റ് ധാരണയിലെ തർക്കം നീണ്ടുപോകുന്നതിനാലും ബിജെപിയെ പരാജയപ്പെടുത്താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി മല്‍സര രംഗത്ത് നിന്നും മാറി നിൽക്കാനാണ് കോൺഗ്രസ് നീക്കം. എന്നാൽ ഇത് മഹാരാഷ്ട്രയിൽ സീറ്റിനായുള്ള സമാജ് വാദി പാർട്ടിയുടെ കടുംപിടുത്തത്തിൽ അയവ് വരുത്താനുള്ള കോൺഗ്രസ് തന്ത്രമാണെന്നും വിലയിരുത്തലുകളുണ്ട്. 12 സീറ്റാണ് മഹാരാഷ്ട്രയിൽ സമാജ്‌വാദി പാർട്ടി ആവശ്യപ്പെടുന്നത്.
ഹരിയാനയിൽ സമാജ് വാദി പാർട്ടിക്ക് അടിത്തറ ഇല്ലെന്ന് ആരോപിച്ച് കോൺഗ്രസ് സഖ്യത്തിന് തയ്യാറാകാതിരുന്നത് പരാജയത്തിനുശേഷം വലിയ വിമർശനത്തിനിടയാക്കിയിരുന്നു.