vijay-28-10

രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനില്‍ നിന്ന് ടിവികെയുടെ നായകനിലേക്കുള്ള മാറ്റം തമിഴ് രാഷ്ട്രീയത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സിന് വേണ്ടിയല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് വിജയ്. പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ കൃത്യമായ രാഷ്ട്രീയ ലൈന്‍ പറഞ്ഞ വിജയ് ഡിഎംകെയേയും ബിജെപിയേയും കടന്നാക്രമിച്ചു. തമിഴ് വികാരത്തെ ചേര്‍ത്ത്  നിര്‍ത്തുന്ന നയപ്രഖ്യാപനവും പ്രസംഗവും തന്നെയായിരുന്നു ദളപതിയുടേത്.

വി ഫോര്‍ വിശാല വി ഫോര്‍ വിക്ടറി വി ഫോര്‍ വിജയ് എന്ന ഫോര്‍മുല കണ്ടു തമിഴക രാഷ്ട്രീയം ഇന്നലെ. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ ആശയപരമായ എതിരാളിയായും പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിഎംകെയിലെ കുടുംബാധിപത്യത്തെക്കുറിച്ചടക്കം പ്രതിപാധിച്ച വിജയ് വരുംകാല തിരഞ്ഞെടുപ്പില്‍ അത് വലിയ ചര്‍ച്ചയാക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. 

ഇതുവരെ കാര്യമായി വിജയ്‌യുടെ പൊളിറ്റിക്കല്‍ എന്‍ട്രിയെ കുറിച്ച് പ്രതികരിക്കാതിരുന്ന ഡിഎംകെ ഏത് തരത്തിലാകും വിജയ്ക്ക് മറുപടി നല്‍കുകയെന്ന് അറിയേണ്ടതുണ്ട്. 2026–ല്‍ എല്ലാ സീറ്റുകളിലും പാര്‍‍ട്ടി മല്‍സരിക്കുമെന്ന് പറഞ്ഞ വിജയ് സഖ്യസാധ്യതകള്‍ തുറന്നിടുന്നുണ്ട്. പാര്‍ട്ടിയില്‍ ആകൃഷ്ടരായി വരുന്ന മറ്റ് പാര്‍ട്ടികളിലെ സഖ്യകക്ഷികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും അവര്‍ക്ക് മന്ത്രിപദവിയടക്കം അധികാരത്തിലെത്തിയാല്‍ നല്‍കുമെന്നും പറഞ്ഞത് വെറുതെയല്ല. ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും വിസികെയും അടക്കമുള്ളവര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു. ഇത് ഉണ്ടായില്ല. 

 

ഈ സാഹചര്യത്തിലാണ് വിജയ് സഖ്യ സാധ്യതകളുമായി വരുന്നത്. വിസികെ അടക്കമുള്ള സഖ്യ കക്ഷികളെ നോട്ടമിടുന്നതിലൂടെ ദളിത് വോട്ടുകളാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ടിവികെയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് സ്ത്രീകളാകും എന്നടക്കമുള്ള വാക്കുകള്‍ സ്ത്രീ വോട്ടുകളാണ് ഉന്നമിടുന്നത്. 

ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയമെന്നത് തമിഴ് വികാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രഖ്യാപനമാണ്. പെരിയാറിനെ വഴികാട്ടിയായി ഉയര്‍ത്തിക്കാട്ടുമ്പോഴും വളരെ കരുതലോടെയാണ് വിജയ് നീങ്ങിയത്. ആരുടേയും ദൈവവിശ്വാസത്തെ എതിര്‍ക്കില്ലെന്ന് പറയുന്നത് ഈ സൂക്ഷ്മതയാണ് വ്യക്തമാക്കുന്നത്. 

സ്ത്രീ സുരക്ഷ ഉറപ്പാക്കുക,  ജാതിസെന്‍സസ് നടത്തുക, കുടിവെള്ളം ഉറപ്പാക്കുക എന്നിങ്ങനെ നടക്കുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ നല്‍കൂവെന്ന് പറഞ്ഞ് കയ്യടി വാങ്ങാനും വിജയ് മറന്നില്ല. മകനായി, അണ്ണനായി, തമ്പിയായി താന്‍ ഇനിയുണ്ട് എന്ന് പറയുമ്പോഴും അത് എത്ര കണ്ട് വോട്ടായി മാറും എന്നാണ് നോക്കിക്കാണേണ്ടത്. പ്രത്യേകിച്ചും താരപ്രഭ കൊണ്ട് മാത്രം അരസിയല്‍ വിജയിക്കാനാകില്ലെന്ന സമീപകാല ഉദാഹരണങ്ങള്‍ ഉള്ളപ്പോള്‍

ENGLISH SUMMARY:

TVK Leader Vijay Attacks BJP And DMK