ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മഹാരാഷ്ട്രയിലെ ഉയര്‍ന്ന പോളിങ്ങിലും അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങളിലും പ്രതീക്ഷവച്ച് ബി.ജെ.പി സഖ്യം. എക്സിറ്റ് പോളുകള്‍ തള്ളിയ കോണ്‍ഗ്രസ് പോളിങ് കൂടിയത് തങ്ങള്‍ക്കനുകൂലമാകുമെന്ന് അവകാശപ്പെട്ടു. ജാര്‍ഖണ്ഡില്‍ പരസ്യമായി ആത്മവിശ്വാസം പ്രകടിക്കുമ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇരുമുന്നണികളും.
മഹാരാഷ്ട്രയില്‍ നിയമസഭയിലേക്ക് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇത്തവണത്തേത്. 65.11 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോളിങ് 61.4 ശതമാനമായിരുന്നു. റെക്കോഡ് പോളിങ്ങ് തങ്ങള്‍ക്കനുകൂലമാകുമെന്ന് ഇരു സഖ്യവും അവകാശപ്പെടുന്നു. എക്സിറ്റ് പോളുകള്‍ 10 മുതല്‍ 15 സീറ്റുവരെ ഭൂരിപക്ഷത്തില്‍ ജയം പ്രവചിച്ചതാണ് മഹായുതിയുടെ ആത്മവിശ്വാസം. എന്നാല്‍ വിദര്‍ഭ, പശ്ചിമ മഹാരാഷ്ട്ര മേഖലകളില്‍ പോളിങ് കുത്തനെ കൂടിയത് പ്രതിപക്ഷമായി മഹാവികാസ് അഘാടിക്ക് പ്രതീക്ഷ നല്‍കുന്നു.
സമാനമാണ് ജാര്‍ഖണ്ഡിലെയും സ്ഥിതി. അഞ്ച് എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്കും മൂന്നെണ്ണം കോണ്‍ഗ്രസ് – ജെ.എം.എം സഖ്യത്തിനും വിജയം പ്രവചിച്ചെങ്കിലും ശരാശരി കണക്കില്‍ ഒരു സീറ്റു മാത്രമാണ് വ്യത്യാസം. എക്സിറ്റ് പോളുകള്‍ തള്ളിയ ഹേമന്ത് സോറന്‍റെ ജെ.എം.എം വോട്ടെണ്ണുംവരെ ജാഗ്രത തുടരണമെന്ന് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. 68.45 ശതമാനമെ ഉയര്‍ന്ന പോളിങ്ങാണ് ജാര്‍ഖണ്ഡില്‍ ഇത്തവണയുണ്ടായത്.