മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുന്നൂറ് സീറ്റെന്ന മാജിക്കല്‍ നമ്പറിലേക്ക് ലീഡ് ഉയര്‍ത്തി മഹായുതി സഖ്യം. സംസ്ഥാനത്ത് ഇതുവരെ ഒരു സഖ്യവും 200 സീറ്റ് കടന്നിട്ടില്ല. 288 സീറ്റില്‍ 216ലും മഹായുതി സഖ്യമാണ് ലീഡ് ചെയ്യുന്നത്. 59 സീറ്റില്‍ മഹാ വികാസ് അഘാഡി മുന്നിട്ടു നില്‍ക്കുന്നു. പതിമൂന്നിടത്ത് മറ്റുപാര്‍ട്ടികള്‍ക്ക് ലീഡുണ്ട്. അതേസമയം മഹായുതി സഖ്യത്തിനുള്ളില്‍ തന്നെ ബിജെപിയാണ് മുന്നില്‍. മല്‍സരിച്ച 149 സീറ്റുകളിൽ 113ലും ബിജെപി ലീഡ് ചെയ്യുകയാണ്.
ബുധനാഴ്ച ഒറ്റഘട്ടമായായിരുന്നു തിരഞ്ഞെടുപ്പ്. 65.1 ശതമാനമാണ് പോളിങ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിൽ 145 സീറ്റുകളാണ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും ഉൾപ്പെടെ ഒട്ടേറെ പ്രമുഖരാണ് മഹാരാഷ്ട്രയില്‍ ജനവിധി തേടുന്നത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ വെടിയേറ്റ് മരിച്ച മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ മകന്‍ സീഷൻ സിദ്ദിഖി എൻസിപി അജിത് പവാർ പക്ഷത്ത് നിന്നും മല്‍സരിക്കുന്നുണ്ട്.
കേവലഭൂരപിക്ഷം ഒരു മുന്നണിക്കും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. വ്യക്തമായ മേല്‍കയ്യുണ്ടായില്ലെങ്കില്‍ എംഎല്‍എമാരെ മഹായൂതി സഖ്യം സ്വാധീനിക്കുന്നതൊഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി.പരമേശ്വര എന്നിവര്‍ സംസ്ഥാനത്തുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് ബിജെപി സഖ്യത്തിന് തകര്‍പ്പന്‍ വിജയമാണ് സമ്മാനിച്ചത്. 2014-ൽ നിന്ന് 17 സീറ്റുകള്‍ കുറഞ്ഞെങ്കിലും ബിജെപി 105 സീറ്റുകളും സഖ്യകക്ഷികള്‍ 56 സീറ്റുകളും നേടിയിരുന്നു.