മഹാരാഷ്ട്രയിൽ ബിജെപി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനകൾ ശക്തമായിരിക്കെ ഏക്നാഥ് ഷിൻഡെയെ രണ്ടര വർഷം മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കമെന്ന ആവശ്യവുമായി ശിവസേന. ബിജെപി ദേശീയ നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. ദേവേന്ദ്ര ഫഡ്നാവിസ്,എക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരുമായി ഇന്ന് വൈകിട്ട്
അമിത് ഷാ കൂടിക്കാഴ്ച നടത്തും. അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് സഖ്യം നേരിട്ടത് അമ്പരപ്പിക്കുന്ന തിരിച്ചടിയാണെന്നും ഇവിഎമ്മിലെ കൃത്രിമം അടക്കമുള്ളവ സംശയിക്കുന്നതായും രമേശ് ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു.
288 ൽ 132 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി, ഇക്കുറി മുഖ്യമന്ത്രിസ്ഥാനം വിട്ടുനൽകേണ്ടതില്ലെന്ന നിലപാടാണ് ആർഎസ്എസ് നേതൃത്വത്തിന്. ദേവേന്ദ്ര ഫഡ്നാവിസ് വരണമെന്നാണ് അവരുടെ നിലപാട്. നാളെത്തെ നിയമസഭാ കക്ഷി യോഗത്തിൽ ഫസ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തേക്കും. അതിനിടെ ആണ് രണ്ടര വർഷത്തെ ആദ്യ ടേമിൽ മുഖ്യമന്ത്രി പദം എന്ന ആവശ്യം ശിവസേന മുന്നോട്ട് വയ്ക്കുന്നത്. ഏക്നാഥ് ഷിൻഡെയുടെ പ്രതിച്ഛായയും വികസന പദ്ധതികളും വിജയത്തിൽ വലിയ ഘടകമായെന്ന വിലയിരുത്തലിലാണ് പാർട്ടി. ബിജെപിയിൽ നിന്ന് മറിച്ചൊരു തീരുമാനമുണ്ടായാലും ഈ ഘട്ടത്തിൽ വിലപേശലിന് ശിവസേന തയാറായേയില്ല. അതേസമയം, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കോൺഗ്രസ് ക്യംപിനെ ഞെട്ടിച്ചു. ചില മണ്ഡലങ്ങളിൽ വോട്ടിങ്ങ് മെഷീൻ പരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സംസ്ഥനത്തിൻ്റെ ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷത്തിൻ്റെ സീറ്റുകൾ വെറും 49 ലേക്ക് ചുരുങ്ങിയതോടെ ഇത്തവണ പ്രതിക്ഷ നേതൃപദവിയും ലഭിക്കില്ല.