ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകും. മുന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന സര്‍ക്കാരില്‍ കോണ്‍ഗ്രസിനും അര്‍ഹമായ പ്രാതിനിധ്യമുണ്ടാകും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഇ.ഡി കേസും അറസ്റ്റും ബി.ജെ.പിയുടെ വന്‍പ്രചാരണവും അതിജീവിച്ച സോറന്‍ ഭരണത്തുടര്‍ച്ചയില്‍ കൂടുതല്‍ ശക്തനാണ്.
'ഞങ്ങള്‍ ജനാധിപത്യത്തിന്‍റെ പരീക്ഷ വിജയിച്ചു,' ജാര്‍ഖണ്ഡിലെ തിളക്കമാര്‍ന്ന വിജയത്തിനുശേഷം ഹേമന്ത് സോറന്‍റെ വാക്കുകള്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നായകന് ഈ നിയമസഭാ തിരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷ തന്നെയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഭൂമി കുംഭക്കോണ കേസിലെ കള്ളപ്പണം വെളുപ്പിക്കലാരോപിച്ച് ഇ.ഡി കേസില്‍ ജയില്‍വാസം, പാര്‍ട്ടിവിട്ട് ചംപയ് സോറന്‍റെ ബി.ജെ.പി പ്രവേശം, കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാരും അണിനിരന്ന വന്‍ പ്രചാരണം. എല്ലാത്തിനെയും മുന്നില്‍നിന്ന് നേരിട്ടാണ് ഹേമന്ത് സോറന്‍റെ തുടര്‍ഭരണം നേടിയത്.
81 അംഗ നിയമസഭയില്‍ ജെ.എം.എമ്മിന് ഒറ്റയ്ക്ക് 34 സീറ്റുനേടാനായത് മുഖ്യമന്ത്രി പദത്തില്‍ ഹേമന്ത് സോറനെ കൂടുതല്‍ കരുത്തനാക്കും. ഭാര്യ കല്‍പന സോറനും പുതിയ മന്ത്രിസഭയില്‍ ഇടം നല്‍കും. നിലവിലെ 13 അംഗ മന്ത്രിസഭയില്‍ ജെ.എം.എമ്മിന് മുഖ്യമന്ത്രിയടക്കം എട്ടും കോണ്‍ഗ്രസിന് നാലും ആര്‍.ജെ.ഡിക്ക് ഒരു അംഗവുമാണുള്ളത്. 16 സീറ്റുള്ള കോണ്‍ഗ്രസ് ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കാം. ഇന്ത്യാ സഖ്യത്തിന് ആകെ 56 സീറ്റുകളാണുള്ളത്.