കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രമേശ് ചെന്നിത്തല. ജനകീയ വിഷയങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശശി തരൂർ അവശ്യപ്പെട്ടു. അദാനി വിഷയം ജനകീയ പ്രശ്നമാണെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.
അഞ്ചു മണിക്കൂർ നീണ്ട കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി ചർച്ച ചെയ്തു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തോൽവികളുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തലയും അജയ് മാക്കനും ഏറ്റെടുത്തു.
മഹാരാഷ്ട്രയിലെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടും ചെന്നിത്തല അവതരിപ്പിച്ചു. ഇവിഎം മെഷീനുകളിൽ സംശയമുന്നയിച്ച ദിഗ് വിജയ് സിങ്ങിനെ ഗൗരവ് ഗോഗോയ് പിന്തുണച്ചു. നൂറു ശതമാനം വിവി പാറ്റിനായി നിലപാട് എടുക്കണമെന്ന് അഭിഷേക് സിങ്‍വി ആവശ്യപ്പെട്ടു. എന്നാൽ ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങണമെന്ന നിലപാടാണ് വേണ്ടതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഏതെങ്കിലും ഒരു നിലപാടിൽ ഉറച്ച് നിന്ന് അത് ജനങ്ങളിലേയ്ക്ക് എത്തിക്കണം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പാർട്ടി ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് ശശി തരൂർ പറഞ്ഞപ്പോൾ ഇവിഎമ്മും അദാനിയും ജനങ്ങളുടെ വിഷയങ്ങൾ തന്നെയാണെന്നായിരുന്നു രാഹുലിന്‍റെ മറുപടി.