റെക്കോര്‍ഡ് വിജയം നേടിയ മഹാരാഷ്ട്രയില്‍ ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തത് ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നു. മുഖ്യമന്ത്രി പദവിയെന്ന സമ്മര്‍ദനീക്കത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും ആഭ്യന്തര വകുപ്പ് അടക്കം ചോദിച്ച് കാര്യങ്ങള്‍ തന്‍റെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് ഏക്‌നാഥ് ഷിന്‍ഡെ. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വം മുഖം തിരിക്കുകയാണ് ശിവസേന.

288ല്‍ 132ഉം നേടി മഹാരാഷ്ട്രയില്‍ കരുത്ത് തെളിയിച്ച ബിജെപി. ദേവേന്ദ്ര ഫഡ്‍നാവിസിനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭാ രൂപീകരണം വളരെ എളുപ്പത്തിലാകുമെന്ന് തോന്നിച്ചെങ്കിലും പ്രതീക്ഷ തെറ്റി. ഇപ്പോള്‍ ഏക്‌നാഥ് ഷിന്‍ഡെ പറയുന്നിടത്ത് നില്‍ക്കുകയാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി പദം വിട്ടുനല്‍കാന്‍ തയ്യാറാണ്. എന്നാല്‍ വന്‍ ഡിമാന്‍ഡുകളാണ് ശിവസേന മുന്നോട്ടുവയ്ക്കുന്നത്. 

ആഭ്യന്തരവും നഗരവികസനവും ഉള്‍പ്പടെ 12 വകുപ്പുകള്‍ വേണം. ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയാല്‍‌ വോട്ടുചെയ്ത് വിജയിപ്പിച്ച മറാഠകള്‍ കൂടെ നില്‍ക്കുമോ എന്നും ശിവസേന ചോദിക്കുന്നു. ആര്‍എസ്എസിന്‍റെ പിന്തുണയുള്ള ഫഡ്‍നാവിസല്ലാതെ മറ്റൊരു മുഖവും സംസ്ഥാന ബിജെപിയുടെ മുന്നിലില്ല. 

ഡല്‍ഹിയില്‍ അമിത് ഷായെ കണ്ടശേഷം മുംബൈയിലെത്തിയ ഷിന്‍ഡെ തുടര്‍ ചര്‍ച്ചകളുടെ ഭാഗമാകാതെ തന്‍റെ ജന്‍മനാടായ സത്താറയിലേക്കാണ് പോയത്. ഉപമുഖ്യമന്ത്രിപദം സ്വീകരിക്കാതെ സര്‍ക്കാരിനെ പുറത്ത് നിന്ന് നിയന്ത്രിക്കുന്ന ശക്തിയായി മാറുകയാണ് ഷിന്‍ഡെയുടെ ലക്ഷ്യമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ വോട്ട് അട്ടിമറിയും ഇവിഎമ്മും അടക്കമുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ അടവാണ് ഇപ്പോളത്തെ പ്രതിസന്ധി നാടകമെന്ന് പ്രതിപക്ഷം കരുതുന്നു.

ENGLISH SUMMARY:

Shiv Sena makes huge demands in Maharashtra BJP struggles to decide CM.