യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിക്ക് ഇന്ന് എഴുപത്തെട്ടാം പിറന്നാൾ. ആഘോഷങ്ങൾ പാടില്ലെന്നാണ് പാർട്ടിക്ക് സോണിയ നൽകിയ നിർദ്ദേശം. കൈക്ക് പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് സോണിയ ഗാന്ധി.
മകള്‍ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പരുക്കേറ്റ കയ്യുമായാണ് സോണിയ ഗാന്ധി ലോക്സഭ ഗാലറിയില്‍ എത്തിയത്. പൊതുപരിപാടികളില്‍ തല്‍ക്കാലം പങ്കെടുക്കുന്നില്ലെങ്കിലും കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും അവധിയില്ല. രാഷ്ട്രീയ എതിരാളികള്‍ കുടുംബവാഴ്ചയുടെ പ്രതീകമായി ചിത്രീകരിക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്നും അന്തിമവാക്ക് ‘മാഡ’ത്തിന്‍റേത് തന്നെ. ജന്മം കൊണ്ടല്ലെങ്കിലും 1968ല്‍ നെഹ്റുകുടുംബത്തിലെ മരുമകളായതുമുതല്‍ കര്‍മം കൊണ്ട് നൂറുശതമാനം ഇന്ത്യക്കാരി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മുതല്‍ താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ വരെ ഏറെ ആദരവോടെ കാണുന്ന സോണിയ ഗാന്ധിയുടെ പ്രത്യേകത നിശ്ചദാര്‍ഢ്യമാണ്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് സ്വയം മാറിനിന്നപ്പോഴും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയടക്കം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് കരുത്തായ നിരവധി പദ്ധതികൾ രാജ്യത്തിന് അവരുടെ പേരിനോട് ചേര്‍ത്തുവച്ചവയാണ്. വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശനിയമവുമടക്കം പിന്നെയും എത്രയോ ജനപക്ഷ നിയമനിര്‍മാണങ്ങളുടെ നെടുംതൂണായി സോണിയ ഗാന്ധി. 2004ലും 2009ലും യുപിഎയെ അധികാരത്തിലെത്തിക്കാന്‍ സാധിച്ചതും സോണിയയുടെ നേതൃത്വത്തിലാണ്.
സ്വന്തം രോഗാവസ്ഥയെക്കാളേറെ പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തളര്‍ച്ചയാണ് സോണിയയെ അലട്ടുന്നതെന്നുറപ്പ്. ഭര്‍തൃമാതാവിന്‍റെയും ഭര്‍ത്താവിന്‍റെയും രക്തസാക്ഷിത്വമടക്കം വ്യക്തിപരമായ നിരവധി വെല്ലുവിളികളെ കരുത്തോടെ അതിജീവിച്ച സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസത്തിന്‍റെയും നേതൃപാടവത്തിന്‍റെയും പ്രതീകമാണ്.