ഇത്തവണയും ഡൽഹിയിൽ 60 സീറ്റിലേറെ നേടി ഭരണം പിടിക്കുമെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്. പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം കേജ്‌രിവാൾ നടപ്പിലാക്കിയെന്നും സഞ്ജയ് സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
സൗജന്യങ്ങൾ നൽകി വോട്ടർമാരെ മയക്കുന്നുവെന്ന് പ്രതിപക്ഷം വിമർശിക്കുന്ന ആം ആദ്മി പാർട്ടിയുടെ ഒടുവിലെ പ്രഖ്യാപനമാണ് വനിതകൾക്ക് പ്രതിമാസം ലഭിക്കുന്ന ആയിരം രൂപ. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 2,100 ആയി തുക ഉയർത്തുമെന്നും കേജ്‌രിവാളിന്റെ പ്രഖ്യാപനം. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നതിനാൽ വൈദ്യുതിയും വെള്ളവും വനിതകൾക്കുള്ള സൗജന്യ ബസ് യാത്രയും മാത്രം വോട്ട് നേടിത്തരില്ല എന്ന് ഉറപ്പ് പാർട്ടിക്കുണ്ട്. അതുകൊണ്ടാണ് സിറ്റിങ് എംഎൽഎമാരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കുന്നതിനൊപ്പം ജനപ്രീയ വാഗ്ദാനങ്ങൾ വീണ്ടും പ്രഖ്യാപിക്കുന്നത്.
Also Read;നാട്ടിലെത്താന്‍ ചെലവാക്കണം മാസശമ്പളം; ബെംഗളൂരു-ചെന്നൈ മലയാളികളുടെ ഗതികേട്
‘ആം ആദ്മി പാർട്ടി ഡൽഹിയിൽ ഇത്തവണയും മികച്ച വിജയം നേടും, 60 ലേറെ സീറ്റുകൾ നേടും, ജനപ്രിയ പദ്ധതികൾ കേജ്‌രിവാൾ നടപ്പിലാക്കുക തന്നെ ചെയ്യും’– സഞ്ജയ് സിങ്, എഎപി
അടുത്ത ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്നുതവണയും എഎപിയാണ് ഡൽഹിയിൽ അധികാരത്തിൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുപോലുമില്ല, വലിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളും പ്രചാരണങ്ങളുമായി ആം ആദ്മി പാർട്ടി ഡൽഹിയുടെ കളം പിടിച്ചുകഴിഞ്ഞു.