കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കെതിരെ പാര്‍ലമെന്‍റില്‍ സംസാരിക്കവേ പരിഹാസ രൂപേണെ കൈമലര്‍ത്തിക്കാട്ടിയ സുരേഷ് ഗോപിയെ 'പൊരിച്ച്' ഡിഎംകെ എംപി കനിമൊഴി. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിനും തമിഴ്നാടിനും കേന്ദ്രസര്‍ക്കാരില്‍ നിന്ന് അവഗണനയാണ് ലഭിക്കുന്നതെന്ന് കനിമൊഴി പ്രസംഗത്തില്‍ പറഞ്ഞതിന് പിന്നാലെ ബിജെപി എംപിയായ സുരേഷ് ഗോപി കൈമലര്‍ത്തിക്കാണിക്കുകയായിരുന്നു. ഇത് കണ്ട് ചിരിച്ച കനിമൊഴി 'ആമാ, നീങ്ക രണ്ട് കയ്യെയും വിരിച്ച് കാട്ട്റാങ്ക, യൂണിയന്‍ ഗവണ്‍മെന്‍റും അതേ കൈ വിരിപ്പ് താ'.. എന്ന് പറഞ്ഞതോടെ സഭയില്‍ ചിരിയായി. സുരേഷ്ഗോപി വീണ്ടും കൈമലര്‍ത്തിക്കാണിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലടക്കം നിരവധിപ്പേരാണ് കനിമൊഴിയുടെ 'റോസ്റ്റിങ്' പങ്കുവയ്ക്കുന്നത്.
നന്നായി പഠിച്ച് മാര്‍ക്ക് വാങ്ങുന്ന കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കി 'നീ പുറത്ത് നിന്നോ' എന്ന് പറയുന്നത് പോലെയാണ് എല്ലാ രംഗങ്ങളിലും മുന്നേറുന്ന തമിഴ്നാട് കേന്ദ്രത്തിന്‍റെ മനോഭാവമെന്നും കനിമൊഴി കുറ്റപ്പെടുത്തി. ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനാലും മികവ് തുടരുന്നതിനാലും അവരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനാലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് തമിഴ്നാട് അവഗണന നേരിടുന്നത് തുടരുകയാണ്. അയല്‍സംസ്ഥാനമായ കേരളവും ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് സുരേഷ്ഗോപി കൈമലര്‍ത്തിക്കാട്ടിയത്. ഇതോടെ സത്യമാണ് കേന്ദ്രസര്‍ക്കാര്‍ നമ്മളെ നോക്കിയും ഇതേപോലെ കൈ വിരിച്ച് കാണിക്കുകയാണെന്നായിരുന്നു കനിമൊഴിയുടെ മറുപടി.
ദേശീയദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഒരു പൈസയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെന്നും പ്രകൃതി ക്ഷോഭത്തിന്‍റെ അനന്തരഫലങ്ങള്‍, കെടുതികള്‍, കൃഷിനാശം, കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം, ജനങ്ങളുടെ പുനരധിവാസം എന്നിങ്ങനെ എല്ലാം സംസ്ഥാന സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമായി മാറുകയാണ്. എന്നിട്ടും നമ്മള്‍ പറയുന്നത് ഇത് ഒരു രാജ്യമാണെന്നാണെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.