വാക്ശരങ്ങളാല്‍ മുഖരിതമായിരുന്നു ലോക്സഭ ഇന്നലെ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രൂക്ഷവിമര്‍ശനം പരസ്പരം ഉന്നയിച്ചപ്പോള്‍ പാര്‍ലമെന്‍റിലെ പുതുമുഖമായ പ്രിയങ്കയിലേക്കായി ശ്രദ്ധയത്രയും. രണ്ട് പീരീഡ് കണക്ക് ക്ലാസില്‍ ഇരുന്ന പോലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടിരിക്കേണ്ടി വന്നതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

'പുതിയതൊന്നും പ്രധാനമന്ത്രിക്ക് പറയാനുണ്ടായിരുന്നില്ല. പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോയ പോലെയാണ് എനിക്ക് തോന്നിയത്. അടുപ്പിച്ച് രണ്ട് കണക്ക് ക്ലാസില്‍ ഇരുന്നപോലെ ബോറടിച്ചു'- പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് മാത്രമല്ല ബോറടിച്ചതെന്നും ജെപി നഡ്ഡ വരെ ബോറടിച്ചിട്ട് വിരല്‍ തിരുമ്മിയിരുന്നപ്പോള്‍ മോദിയൊരു നോട്ടം നോക്കിയെന്നും ഉടന്‍ തന്നെ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതായി ഭാവിച്ച് അദ്ദേഹം ഇരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 'അമിത്ഷാ തലയ്ക്ക് കൈ കൊടുത്താണിരുന്നത്. പിയൂഷ് ഗോയലാണെങ്കില്‍ ഉറങ്ങിപ്പോയി. എനിക്കിതൊക്കെ പുതിയ അനുഭവമല്ലേ, പ്രധാനമന്ത്രിക്ക് എന്തെങ്കിലും പുതിയ കാര്യങ്ങളൊക്കെ പറഞ്ഞുകൂടേ, കുറച്ച് നല്ലതെന്തെങ്കിലും എന്നാണ് ഞാനവിടെ ഇരുന്ന് ചിന്തിച്ചത്'-പ്രിയങ്ക സരമായി വിശദീകരിച്ചു. 110 മിനിറ്റ് നീണ്ടതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. Also Read:രാഹുല്‍ ഗാന്ധി അഹങ്കാരി: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എയുള്ള ആളെപ്പോലെ ഭാവിച്ചായിരുന്നു മോദിയുടെ സംസാരമെന്നായിരുന്നു ജയറാം രമേശിന്‍റെ പരിഹാസം. വാട്സാപ്പ് സര്‍വകലാശാലകളെ കൂടി നാണിപ്പിക്കുന്നാണ് പ്രധാനമന്ത്രിയുടെ വായില്‍ നിന്ന് വന്ന വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായ രാഹുല്‍ ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ഒഴിഞ്ഞുനിന്നതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാഹുലിെന ഭയന്നിട്ടാണോ അതോ പ്രതിപക്ഷം കൂടിയുള്ള രാഷ്ട്രീയത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടാണോ ഈ മാറിനില്‍ക്കലെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് ഭരണഘടനയെ ആവര്‍ത്തിച്ച് മുറിവേല്‍പ്പിച്ചവരും രക്തം നുണഞ്ഞിട്ടുള്ളവരുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. തന്‍റെ സര്‍ക്കാര്‍ 2014 ല്‍ അധികാരമേറ്റത് മുതല്‍ ഇന്നുവരെ ഭരണഘടനയെ ചേര്‍ത്ത്പിടിച്ച് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ENGLISH SUMMARY:

Priyanka Gandhi commented on the Prime Minister's Lok Sabha speech, saying, 'The PM has not said anything new; he has bored us. It felt like I was taken decades back, sitting through that double period of Mathematics'.