ഭരണഘടനാ ചര്‍ച്ചയ്ക്കിടെ രാജ്യസഭയെ പ്രക്ഷുബ്ധമാക്കി 'കള്ളം' വിളികളും കള്ളന്‍ പരാമര്‍ശവും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ധനമന്ത്രി പറഞ്ഞത് കള്ളമെന്ന് ജയ്റാം രമേശ് ആവര്‍ത്തിച്ചപ്പോള്‍ ക്ഷുഭിതയായ നിര്‍മല സീതാരാമന്‍ മാപ്പെഴുതി നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നമ്പര്‍ വണ്‍ കള്ളനാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പരിഹസിച്ചു.
എന്‍.ഡി.എ. സര്‍ക്കാരിന്‍റെ ഭരണഘടനാ ഭേദഗതികളെ കുറിച്ച് ധനമന്ത്രി സംസാരിക്കവെയാണ് രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത്. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന ജി.എസ്.ടി. ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങള്‍ തന്നെ എതിര്‍ത്തിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞപ്പോള്‍ കള്ളമെന്ന് ജയ്റാം രമേശ്. ബി.ജെ.പി. സംസ്ഥാനങ്ങള്‍ യു.പി.എ ബില്ലിനെ എതിര്‍ത്തതും ചൂണ്ടിക്കാട്ടി. അതോടെ ബില്ലിനെ എതിര്‍ത്ത ബി.ജെ.പി ഭരണ സംസ്ഥാനങ്ങളും കേരളമടക്കം കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളും ധനമന്ത്രി പേരെടുത്ത് പറഞ്ഞു. കള്ളമെന്ന് ജയ്റാം രമേശ് ആവര്‍ത്തിച്ചതോടെ ധനമന്ത്രി ക്ഷുഭിതയായി. മുന്‍പും തന്നെ കള്ളിയെന്ന് വിളിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ചാല്‍ നിയമ നടപടിക്ക് മടിക്കില്ലെന്നും പറഞ്ഞ നിര്‍മല സീതാരാമന്‍ ചൗക്കിദാര്‍ ചോര്‍ ഹെ പരാമര്‍ശത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ മാപ്പുപറഞ്ഞതും ഓര്‍മിപ്പിച്ചു,.
സഭാധ്യക്ഷന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നാലെ സംസാരിച്ച മല്ലികാര്‍ജുന്‍ ഖര്‍ഗെ ഒരു പടികൂടി കടന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിയാണ് നമ്പര്‍ വണ്‍ കള്ളനെന്ന് ഖര്‍ഗെ രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ച നാളെയും തുടരും. ആവശ്യമെങ്കില്‍ സമയം നീട്ടിനല്‍കാമെന്ന് അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.