rahul-gandhi-india

പ്രതിപക്ഷത്തിന് അതിന്‍റെ നേതാവിനെ തിരികെ കിട്ടിയ വര്‍ഷം. 2024നെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്താം. പക്ഷേ വര്‍ഷാവസാനമെത്തുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യാ സഖ്യത്തിനുള്ളില്‍ പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞു. മമത ബാനര്‍ജി സഖ്യത്തെ നയിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രതിപക്ഷനിരയിലെ പ്രമുഖര്‍.

 

മമത ബാനര്‍ജിയെ ഉയര്‍ത്തി കാട്ടാന്‍ നിക്കം

'നിങ്ങളുടെ ഹീറോ ഇപ്പോള്‍ എന്ത് ചെയ്യുന്നു' എന്ന ബിജെപിയുടെ കളിയാക്കലുകളെ അപ്രസക്തമാക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവായതോടെ കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്താര്‍ജിച്ചു. ഭാരത് ജോഡോ യാത്രകളിലൂടെ ആവേശത്തിലായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം കൂടി ലഭിച്ചതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലായി. പക്ഷേ പ്രതിപക്ഷ നിരയിലെ ചില നേതാക്കന്‍മാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. ഇത് ഇടക്കിടെ പുറത്തുവരികയും ചെയ്യും. ഏറ്റവുമൊടുവില്‍ മമത ബാനര്‍ജിയെ ഇന്ത്യാ സഖ്യത്തിന്‍റെ നേതാവാക്കണമെന്ന ആവശ്യവുമായി ഒന്നിലധികം കക്ഷികളാണ് രംഗത്തുള്ളത്. 

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ചോദ്യം ചെയ്യപ്പെടുമ്പോള്‍

ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി. സംഘടനാപരമായ ദൗര്‍ബല്യം. ഒപ്പം പ്രാദേശിക പാര്‍ട്ടികളുമായുള്ള നയപരമായ പ്രശ്നങ്ങളും. മുത്തശ്ശി പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ തോല്‍വിക്ക് പിന്നാലെ ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സൂചനയുമായി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ പരിഹസിച്ചെങ്കിലും ബിഹാറിന്‍റെ അതികായന്‍ ലാലു പ്രസാദ് യാദവ് മമതയെ പിന്തുണച്ച് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറി. മമത മുന്നണിയെ നയിക്കാന്‍ യോഗ്യയാണെന്ന് ശരദ് പവാറിന്‍റെ പ്രസ്താവന കൂടി വന്നതോടെ കോണ്‍‍ഗ്രസ് വെട്ടിലായി. ഇതിനിടയ്ക്ക് ഇ.വി.എമ്മില്‍ വിശ്വാസമില്ലാത്തവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വക ഒളിയമ്പും. കോണ്‍ഗ്രസുമായി തെറ്റിയ ആം ആദ്മി പാര്‍ട്ടിയാകട്ടെ ഡല്‍ഹിയില്‍ ഒറ്റയ്ക്കാണ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്. സമാജ് വാദി പാര്‍ട്ടിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും കോണ്‍ഗ്രസിനും രാഹുലിനുമെതിരെ പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും പല കാര്യങ്ങളിലും ഭിന്നതയുണ്ട്.

രാഹുലിന്‍റെ രീതികള്‍ താല്‍പര്യമില്ലാത്ത നേതാക്കള്‍

വസ്ത്രധാരണം മുതല്‍ ലോക്സഭയിലെ പ്രകടനം വരെ. പരമ്പരാഗത രീതി വിട്ടുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. കോണ്‍ഗ്രസിനെതിരെ പോരാടി വളര്‍ന്ന് വന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ഒത്തുപോകാനാകുന്നുമില്ല. പക്ഷേ രാഹുലിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും തന്നെ. പ്രധാനമന്ത്രി മോഹവുമായി നടക്കുന്ന ഇരു നേതാക്കളും കിട്ടുന്ന അവസരങ്ങളിലൊക്കെ രാഹുലിനും കോണ്‍ഗ്രസിനുമെതിരെ തിരിയാറുണ്ട്. ഇന്ത്യാ സഖ്യത്തിന്‍റെ നേതൃസ്ഥാനമാണ് രണ്ട് പേരുടേയും ലക്ഷ്യം. 

രാഷ്ട്രീയത്തിലിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് രാഹുലിന് പാര്‍ട്ടിയെ തന്‍റെ വഴിക്ക് കൊണ്ടുവരാനായത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ഇന്ത്യാ സഖ്യം രൂപീകരിച്ച് പ്രതിപക്ഷ നേതാവ് വരെയാകാനും 'രാഗ'യ്ക്കായി. പക്ഷേ പ്രതിപക്ഷ കക്ഷികളെ വരുതിയിലാക്കാന്‍ ഇന്ദിരയുടെ ചെറുമകന്‍ ഇനിയുമേറെ വിയര്‍പ്പൊഴുക്കേണ്ടിവരും...!

ENGLISH SUMMARY:

India alliance leaders wants Mamata Banerjee as leader instead of Rahul Gandhi