'ഒരു കാലത്ത് 40 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇന്ന് 400 രൂപ, വിലക്കയറ്റം സാധാരണക്കാരന്‍റെ പോക്കറ്റ് പൊളിച്ചു. സർക്കാർ കുംഭകര്‍ണനെപ്പോലെ ഉറക്കത്തിലും’. വിലക്കയറ്റത്തെക്കുറിച്ച് നേരിട്ടറിയാന്‍ മാര്‍ക്കറ്റിലെത്തിയ രാഹുല്‍ ഗാന്ധി പങ്കുവച്ച കുറിപ്പാണിത്. ഡല്‍ഹി ഗിരി നഗറിലെ ചന്തയിലെത്തി കച്ചവടക്കാരോടും സാധനം വാങ്ങാനെത്തിയവരോടും സംസാരിച്ചതിനു ശേഷം രാഹുല്‍ ഗാന്ധിക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രം.
വെളുത്തുള്ളി വിലയാണ് രാഹുല്‍ ഗാന്ധി എടുത്തുകാട്ടിയത്. പത്ത് ശതമാനത്തിലധികം വില കൂടി. വെളുത്തുള്ളി ഉത്പാദനം ഈ വര്‍ഷം ഗണ്യമായി കുറഞ്ഞു. അതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാരൻ രാഹുല്‍ ഗാന്ധിയോട് പറഞ്ഞത്. പയര്‍, കാരറ്റ്, കോളിഫ്ലവര്‍ തുടങ്ങി സകല പച്ചക്കറികള്‍ക്കും ഇരട്ടിയിലധികം വില വര്‍ധിച്ചു. ഈ വിലക്കയറ്റത്തിനു നടുവില്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യമാണ് ഉയരുന്നതും.
അസാധാരണ വിലക്കയറ്റം സാധാരണക്കാരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഉപഭോഗ രീതി അപ്പാടെ മാറി. നേരത്തെ ഒരു കിലോ പച്ചക്കറി വാങ്ങിയ പണം കൊണ്ട് ഇന്ന് അരക്കിലോ ലഭിച്ചാലായി. സാധനങ്ങള്‍ക്കു മാത്രമല്ല, ചരക്കുനീക്കത്തിനും പണച്ചെലവ് കൂടുതലാണ്. ഡല്‍ഹിയില്‍ എവിടെയും കൃഷിയിറക്കാന്‍ ഒരു തുണ്ട് ഭൂമി ബാക്കിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് അവശ്യസാധനങ്ങള്‍ എത്തിക്കുന്നത് എന്നും കച്ചവടക്കാര്‍ വ്യക്തമാക്കി.