ഭരണകര്‍ത്താവെന്ന നിലയിലെടുത്ത ചില ധീരമായ തീരുമാനങ്ങളുടെ പേരില്‍ ഓര്‍മിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍ സിങ്. ജനപക്ഷം ചേര്‍ന്നുനില്‍ക്കുന്നവയും ജനരോഷം വിളിച്ചുവരുത്തിയവയും അക്കൂട്ടത്തിലുണ്ട്. രാജ്യം എന്നും ഓര്‍മിക്കുന്ന ഒരുപിടി ജനകീയ പദ്ധതികള്‍. ഒന്നാം മന്‍മോഹന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച തൊഴിലുറപ്പുപദ്ധതി ഒരര്‍ത്ഥത്തില്‍ മനുഷ്യപക്ഷംചേര്‍ന്നുനിന്ന ഭരണവിപ്ലവമായിരുന്നു.
Also Read: പാപ്പരാകുന്ന അവസ്ഥയിൽ നിന്ന് രാജ്യം സാമ്പത്തിക വളർച്ചയിലേക്ക്; മൻമോഹനോമിക്സിന്‍റെ കാലം
സര്‍ക്കാര്‍ ഫയലുകളില്‍ ബ്യൂറോക്രസിയും ഭരണകൂടവും മറച്ചുവച്ച നിഗൂഢതകളുടെ ഉള്ളറ ചികയാന്‍ ഏതൊരുപൗരനെയും പ്രാപ്തനാക്കിയ വിവരാവകാശ നിയമം മറ്റൊരുനാഴികക്കല്ലായി. സാമ്പത്തിക പരിഷ്കരണവും സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയും മുന്നില്‍ക്കണ്ടുള്ള നയങ്ങള്‍ പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പുകളെ വിളിച്ചുവരുത്തി.
മൂല്യവര്‍ധിത നികുതി സമ്പ്രദായവും ബാങ്കിങ് പരിഷ്കരണവും നടപ്പാക്കിയത് ഇടതുവെല്ലുവിളികളെ അതിജീവിച്ചാണ്. ഏറ്റവും വേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമതെത്തി. പില്‍ക്കാലത്ത് നിത്യജീവിതത്തിന്‍റെ ഭാഗമായ ആധാര്‍ കാര്‍ഡുകളുടെ വിതരണം ലക്ഷ്യമിട്ടുള്ള യൂണിഫൈഡ് ഐഡന്‍റ്റിറ്റി അതോറിറ്റിക്കായുള്ള നിയമനിര്‍മാണം, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന വനാവകാശ നിയമം എന്നിവയും ചരിത്രമായി.
ബഹിരാകാശവിതാനം ഇന്ത്യയുടെ കുതിപ്പ് കണ്ടതും മന്‍മോഹന്‍ ഭരണകാലത്താണ്. ബഹിരാകാശപേടകം തിരിച്ചിറക്കുന്ന രാജ്യമായതും ചന്ദ്രയാന്‍ 1 വിജയിപ്പിച്ചതും ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയിലേക്ക് നയിച്ചു. ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രതിഷേധംകൊണ്ട് ഇളക്കിമറിച്ചിട്ടും മന്‍മോഹന്‍ മുന്നോട്ടുപോയി.
Also Read: ‘സിങ് ഇസ് കിങ്’; സര്‍പ്രൈസും നാടകീയതയും നിറഞ്ഞ മന്‍മോഹന്‍റെ 10 വര്‍ഷങ്ങള്‍
ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിടാന്‍ മന്‍മോഹന്‍ തീരുമാനിച്ചു. പിന്തുണ പിന്‍വലിക്കുമെന്ന് ഇടതുപക്ഷം അന്ത്യശാസനം നല്‍കി. സര്‍ക്കാരിന്‍റെ നിലനില്‍പ്പ് അപകടത്തിലാണെന്ന് അറിഞ്ഞിട്ടും മന്‍മോഹന്‍ പിന്മാറിയില്ല.
ശാന്തനും മിതഭാഷിയുമായ മന്‍മോഹന്‍ സിങ്ങായിരുന്നില്ല അത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചിട്ടും അദ്ദേഹം കരാറില്‍ ഒപ്പുവയ്ക്കുക തന്നെ ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളുടെ പെരുമഴ ഇരമ്പുമ്പോഴും സാമ്പത്തിക പരിഷ്കരണവുമായി അദ്ദേഹം മുന്നോട്ടുപോയി. പലതും ജനരോഷം ആളിക്കത്തിച്ചു.
പെട്രോളിന്‍റെ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതും പാചകവാതക സബ്സിഡി ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നല്‍കിത്തുടങ്ങിയതുമായിരുന്നു അതില്‍ ഏറ്റവും വിമര്‍ശനമേറ്റത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ അയോഗ്യരാക്കുന്ന നിയമം റദ്ദാക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കീറിയെറിഞ്ഞതോടെയാണ് മന്‍മോഹന്‍ സിങ് സജീവരാഷ്ട്രീയം മതിയാക്കാന്‍ തീരുമാനിച്ചതും. കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആക്രമണമായി ഇന്നും പാഞ്ഞടുക്കുന്ന കൂരമ്പുകളിലൊന്നും ഇതേസംഭവമാണ്.