മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സംസ്‌കാരത്തിന് രാജ്ഘട്ടിന് സമീപം സ്ഥലം അനുവദിക്കാത്തതില്‍ പ്രതിഷേധം കടുത്തതോടെ ബിജെപി പ്രതിരോധത്തില്‍. സിഖ് വിഭാഗത്തില്‍നിന്നുകൂടി അതൃപ്തി ഉയര്‍ന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയെ സംസ്‌കരിക്കാന്‍ അനുയോജ്യമായ സ്ഥലം നല്‍കാത്തത് അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.
മന്‍മോഹന്‍റെ സംസ്കാരച്ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസും ഉന്നയിക്കുന്നത്. രാജ് ഘട്ടിന് സമീപം പ്രത്യേക സ്ഥലം നിഷേധിച്ചിടത്ത് തുടങ്ങി സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുന്നത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോട് സർക്കാർ സ്വീകരിച്ചത് അനാദരവിന്‍റെയും കെടുകാര്യസ്ഥതയുടെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു എന്നാണ് ആരോപണം. സംസ്കാരം രാജ്യം കാണുന്നതിന് തടയിട്ടു, ലൈവിന് അനുമതി ദൂരദർശന് മാത്രമാണ് നൽകിയത്. കുടുംബാംഗങ്ങളെക്കാൾ കൂടുതൽ കാണിച്ചത് മോദിയെയും അമിത് ഷായെയുമാണ്, കുടുംബത്തിന് നൽകിയത് മൂന്നു കസേരകൾ മാത്രമാണ്, അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസപ്പെടുത്തി. ഇതോടെ ബന്ധുക്കൾ നിഗം ബോധ് ഘാട്ടിലെത്താൻ ബുദ്ധിമുട്ടി, ഇടുങ്ങിയ ഇടത്തിൽ ഒരുക്കിയ ചിതക്കരികിലേക്ക് എത്താൻ കുടുംബാംഗങ്ങൾ വിഷമിച്ചു, ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് അർഹമായ ബഹുമാനം നൽകിയില്ല. ഭൂട്ടാൻ രാജാവ് നിന്നപ്പോഴും പ്രധാനമന്ത്രി ഇരിക്കുകയായിരുന്നു, പൊതുജനങ്ങളെ മാറ്റി നിർത്തി എന്നിങ്ങനെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുകയാണ് കോണ്‍ഗ്രസ്.
ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം കോണ്‍ഗ്രസും എഎപിയും ശക്തമായ പ്രചാരണ ആയുധമാക്കുമെന്നുറപ്പാണ്. ഇത് മുന്നില്‍ക്കണ്ട് ബിജെപി പ്രത്യാക്രമണം തുടങ്ങി. ജീവിച്ചിരുന്ന കാലത്ത് മന്‍മോഹന്‍ സിങിനെ അപമാനിച്ചവരാണ് കോണ്‍ഗ്രസ് എന്നായിരുന്നു ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ ആരോപണം. മരണത്തില്‍ രാഷ്ട്രീയം കളിക്കുന്നത് നാണക്കേടാണെന്ന് ഡല്‍ഹിയിലെ ബിജെപി നേതാവ് അരവിന്ദര്‍സിങ് ലൗലിയും അംബേദ്കറെ സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാത്തവരാണ് കോണ്‍ഗ്രസ് എന്ന് ബിജെപി എം.പി മനോജ് തിവാരിയും പറഞ്ഞു.