കേരളത്തിനെതിരെ ആക്ഷേപ പരാമര്‍ശവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. കേരളം മിനി പാക്കിസ്ഥാന്‍ ആണെന്നും അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ ജയിച്ചതെന്നും റാണെ. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പൂനെയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതേഷ് റാണെയുടെ വിവാദ പരാമര്‍ശം. കേരളം മിനി പാക്കിസ്ഥാന്‍ ആയി മാറി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്ന് ജയിക്കുന്നത് ഭീകരവാദികള്‍ അവര്‍ക്ക് വോട്ടുചെയ്യുന്നത് കൊണ്ടാണ്. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അത്യധ്വാനം ചെയ്യുന്നു, എന്നിങ്ങനെ പോകുന്നു റാണെയുടെ അധിക്ഷേപങ്ങള്‍. പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെയാണ് മിനി പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇനിമുതല്‍ ബി.ജെ.പി കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് പവന്‍ ഖേര ആവശ്യപ്പെട്ടു. റായ് ബരേലി പാക്കിസ്താന്‍ ആയതുകൊണ്ടാണോ അവിടെ രാഹുല്‍ ജയിച്ചതെന്ന് താരിഖ് അന്‍വറും ചോദിച്ചു.
അതേസമയം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് നിതേഷ്. കേരളത്തില്‍ മതപരിവര്‍ത്തനവും ലൗജിഹാദും വ്യാപകമാവുന്നുണ്ട്. പാക്കിസ്ഥാനിലേതിന് സമാനമായ സാഹചര്യമാണ് സസ്ഥാനത്ത് ഹിന്ദുക്കള്‍ നേരിടുന്നത് എന്നും നിതേഷ് പറഞ്ഞു. നേരത്തെയും മുസ്‍ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണ് നിതേഷ് റാണ. ഇതിന്‍റെ പേരില്‍ ഒട്ടേറെ കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.