• ജനഗണമന എഴുതിയത് ഇന്ത്യക്കാര്‍ക്കുവേണ്ടിയല്ലെന്ന് വിചിത്രവാദം
  • വിവാദപ്രസ്താവനകളുടെ പേരില്‍ 51 കേസില്‍ പ്രതിയായ വിവാദസന്യാസിയുടെ പുതിയ പ്രസ്താവന
  • വന്ദേ മാതരം ദേശീയഗാനമാക്കാന്‍ പ്രക്ഷോഭം വേണ്ടിവരുമെന്ന് രാംഗിരി മഹാരാജ്

‘വന്ദേ മാതരം’ ദേശീയഗാനമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്രയിലെ വിവാദ സന്യാസി രാം ഗിരി മഹാരാജ്. ഇതിനുവേണ്ടി രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം ഛത്രപതി സംഭാജിനഗറില്‍ പറഞ്ഞു. ‘മിഷന്‍ അയോധ്യ’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് രാം ഗിരി മഹാരാജിന്‍റെ ആഹ്വാനം.

‘മഹാകവി രവീന്ദ്രനാഥ ടഗോര്‍ 1911നാണ് ജനഗണമന ആലപിച്ചത്. അന്ന് ഇന്ത്യ സ്വതന്ത്രയായിരുന്നില്ല. ബ്രിട്ടണിലെ ജോര്‍ജ് അഞ്ചാമന്‍ രാജാവിന് മുന്നിലാണ് രവീന്ദ്രനാഥ ടഗോര്‍ ഈ ഗാനം ആലപിച്ചത്.’ ജനഗണമന ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന ഗാനമല്ലെന്നും രാം ഗിരി മഹാരാജ് അവകാശപ്പെട്ടു.

വിവാദ പ്രസ്താവന ദേശീയഗാനത്തെ അവഹേളിക്കുന്നതല്ലേ എന്ന് പിന്നീട് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും രാം ഗിരി മഹാരാജ് നിലപാടില്‍ ഉറച്ചുനിന്നു. സത്യം പറയുന്നതിനെ അനാദരവും അവഹേളനവുമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നായിരുന്നു പ്രതികരണം.

രാം ഗിരി മഹാരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ കക്ഷികള്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. ‘രാം ഗിരിയെ ചെരുപ്പുകൊണ്ടടിക്കണം’ എന്നായിരുന്നു എന്‍സിപി (ശരദ് പവാര്‍) എംഎല്‍എ ജിതേന്ദ്ര അവ്‍ഹദിന്‍റെ പ്രതികരണം. ‘ജനഗണമന’യോടും രാം ഗിരിക്ക് എതിര്‍പ്പായി. ജനഗണമന നിരോധിക്കാനാണ് അയാള്‍ ആവശ്യപ്പെടേണ്ടത്’ – അവ്‍ഹദ് പറഞ്ഞു.

ഇതാദ്യമല്ല രാം ഗിരി മഹാരാജ് വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. പ്രവാചകനെ അപമാനിച്ചതിനടക്കം വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ അന്‍പതിലേറെ കേസുകള്‍ ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രീറാംപുര്‍ ആസ്ഥാനമായ സദ്ഗുരു ഗംഗാ ഗിരി മഹാരാജ് സന്‍സ്ഥാന്‍റെ മേധാവിയാണ് രാം ഗിരി മഹാരാജ്.

ENGLISH SUMMARY:

Controversial Maharashtra monk Ramgiri Maharaj has called for “Vande Mataram” to be declared the national anthem and announced plans for a nationwide agitation to support this demand. Speaking at the trailer launch of the film Mission Ayodhya, he claimed that "Jana Gana Mana" was composed for British King George V and does not address Indians. His remarks drew sharp criticism, with NCP MLA Jitendra Awhad suggesting stern condemnation of Ramgiri's statements. Ramgiri Maharaj, known for making inflammatory remarks, faces over 50 cases, including charges of hate speech and defaming the Prophet.