നേരത്തെ നൽകിയ സൗജന്യപ്രഖ്യാപനങ്ങൾ അടക്കം 219 വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക. പൂർവാഞ്ചലുകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജോലിയിൽ 33 ശതമാനം വനിതാ സംവരണം, 100 ഇന്ദിരാ കന്റീനുകള്‍ ,ജാതി സെൻസസ് തുടങ്ങിയവയും വാഗ്ദാനങ്ങളിൽ പെടുന്നു.
സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, 500 രൂപക്ക് ഗ്യാസിലിണ്ടർ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങി നേരത്തെ പ്രഖ്യാപിച്ച അഞ്ചുറപ്പുകൾ തന്നെയാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പ്രധാനം. ഛഠ് പൂജ മഹോത്സവമാക്കും, പൊതു അവധി, പൂജക്ക് പ്രത്യേക ഘാട്ട്, ലൈബ്രറി തുടങ്ങിയവയാണ് പൂർവാഞ്ചൽ വിഭാഗത്തിനുള്ള വാഗ്ദാനങ്ങൾ. ജാതി സർവെ, മണ്ഡൽ കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കും, മദ്രസ വികസനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കും എന്നീ ഉറപ്പുകളും കോൺഗ്രസ് നൽകുന്നു.
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ട്രാൻസ്ജെണ്ടറുകൾക്കും പ്രതിമാസം 5000 രൂപ പെൻഷനും വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയും ഉറപ്പ് നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ ഫ്രീ വൈഫൈ, വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബത്തിന് 2 കോടി സഹായം, യമുന നദി ശുചീകരണത്തിന് 8500 കോടി, വീട്ടുനികുതിയിൽ 15% ഇളവ് ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലിയിൽ നാല് ശതമാനം സംവരണം എന്നിവയും പ്രകടനപത്രിയിൽ പ്രത്യേകമുൾക്കൊള്ളിച്ചിട്ടുണ്ട്.