ഡല്‍ഹിയുടെ ഭരണചക്രം ഒരിക്കല്‍ കൂടി ഒരു വനിതയുടെ കരങ്ങളിലേക്ക് . രേഖ ഗുപ്ത. ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി പുതുമയല്ലെങ്കിലും രേഖയ്ക്കിത് വെല്ലുവിളി തന്നെ . നിയമസഭയിലേക്ക് ആദ്യമായി ചുവടുവച്ചതു തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എന്ന പ്രത്യേകതയും രേഖയുടെ സ്ഥന ലബ്ധിക്കുണ്ട് . നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴൊരിക്കല്‍ പോലും രേഖയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് ആരും പറഞ്ഞില്ല. പക്ഷേ ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ സുക്ഷ്മദര്‍ശിനി അതുവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പര്‍വേസ് സാഹിബ് സിങ് വര്‍മയെയും കടന്ന് രേഖ ഗുപ്തയില്‍ കേന്ദ്രീകരിച്ചു. ആരാണ് ഡൽഹിയുടെ പുതിയ നായിക രേഖ ഗുപ്ത?
തിരഞ്ഞെടുപ്പ് ഫലമെത്തി 11 ദിവസത്തിനുശേഷമാണ് ബിജെപി രേഖയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. . സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മര്‍ലേന എന്നിവര്‍ക്ക് ശേഷം ഡല്‍ഹി ഭരിക്കാനൊരുങ്ങുന്ന നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് 50കാരി രേഖ ഗുപ്ത. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന രേഖയ്ക്ക് രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും പുതിയ തട്ടകമല്ല. വേറിട്ട നേതൃപാടവവും വിവാദങ്ങളില്‍ അകപ്പെടാത്ത രാഷ്ട്രീയ ജീവിതവും രേഖയെ കൊണ്ടുചെന്നെത്തിച്ചത് ഡല്‍ഹിയുടെ മുഖ്യമന്ത്രിക്കസേരയില്‍.
'കാം ഹീ പെഹ്ചാന്‍' അഥവാ കര്‍മം കൊണ്ട് തിരിച്ചറിയാം, ഇതായിരുന്നു തിരഞ്ഞെടുപ്പില്‍ രേഖയുടെ മുദ്രാവാക്യം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത എംഎല്‍എയായി ജയിച്ചുകയറിയത്. 62,200 വോട്ടുകളാണ് രേഖ ഗുപ്ത നേടിയത്. 2015ലും 2020ലും ഷാലിമാർ ബാഗ് മണ്ഡലത്തില്‍ രേഖ ഗുപ്ത ബിജെപിക്കായി മല്‍സരിച്ചിരുന്നെങ്കിലും എഎപിയുടെ ബന്ദന കുമാരിക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. രണ്ടുതവണ പരാജയം ഏറ്റുവാങ്ങിയ അതേ മണ്ഡലത്തില്‍ നിന്നാണ് മൂന്നാം തവണ ജയിച്ച് രേഖ ഗുപ്ത ഡല്‍ഹിയുടെ അധികാര കസേര കയ്യാളുന്നത്.
ഹരിയാനയിലെ ജുലാന സ്വദേശിയാണെങ്കിലും എസ്ബിഐയില്‍ മാനേജരായിരുന്ന പിതാവ് ജയ് ഭഗവാന്‍ ജിന്‍ഡാലിന്‍റെ ജോലിയുമായി ബന്ധപ്പെട്ടാണ് രണ്ടുവയസുകാരി രേഖയും കുടുംബവും ഡല്‍ഹിയിലെത്തുന്നത്. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ പഠിക്കവെ എബിവിപിയിലൂടെയാണ് രേഖ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറിയായി. 1996-97 ൽ, ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയന്‍റെ പ്രസിഡന്റായും രേഖ ഗുപ്ത എന്ന കൗമാരക്കാരി തിരഞ്ഞെടുക്കപ്പെട്ടു. 2003–2004 ല്‍ രേഖ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പദവിയിലെത്തി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
2007ലാണ് രേഖ ഗുപ്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രേഖ നോർത്ത് പിതംപുരയിൽനിന്ന് കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2012ലും 2022ലും രേഖ ജയം ആവര്‍ത്തിച്ചു. അങ്ങനെ 3 തവണ രേഖ കോർപറേഷൻ കൗൺസിലറായി പ്രവര്‍ത്തിച്ചു. 2009ല്‍ വനിത ശിശുക്ഷേമ കമ്മിറ്റി ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ തന്നെ ബിജെപിയിലും മഹിളാ മോര്‍ച്ചയിലും വിവിധ പദവികള്‍ രേഖ ഗുപ്തയെ തേടിയെത്തിയിട്ടുണ്ട്. 2010ല്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രേഖ പിന്നീട് സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി. ഇതിനിടെയില്‍തന്നെ രേഖയുടെ പ്രവര്‍ത്തനമികവ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു. കോർപ്പറേഷനിലെ വനിതാ ക്ഷേമ, ശിശു വികസന സമിതിയുടെ ചെയർപഴ്‌സൻ എന്ന നിലയിൽ, ഡൽഹിയിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള സംരംഭങ്ങൾക്ക് രേഖ നേതൃത്വം നൽകിയിരുന്നു. കൗൺസിലറായി പ്രവർത്തിക്കവെ സാമ്പത്തികമായി പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന വിദ്യാർഥിനികളെ പ്രോത്സാഹിപ്പിക്കാൻ ‘സുമേധ യോജന’ പദ്ധതി ആരംഭിച്ചു.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റായിരിക്കെ ക്യാംപസിനുളളിലെ പീഡനപരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതുള്‍പ്പടെയുളള രേഖയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസകളും കയ്യടികളും നേടിക്കൊടുത്തിരുന്നു. സാമൂഹിക രംഗത്തും സ്ത്രീ ശാക്തീകരണ വിഷയങ്ങളിലും സജീവമായി ഇടപ്പെടൽ നടത്തുന്ന വ്യക്തി കൂടിയാണ് രേഖ ഗുപ്ത. ഈ പ്രവര്‍ത്തനമികവും നേതൃപാടവവും തന്നെയാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രിക്കസേരയിലേക്ക് രേഖ ഗുപ്തയെന്ന് 50കാരിയെ കൊണ്ടുചെന്നെത്തിച്ചത്. സാക്ഷാല്‍ അരവിന്ദ് കേജ്രിവാളിനെ പോലും മലര്‍ത്തിയടിച്ച പര്‍വേശ് വര്‍മയെന്ന ജെയിന്‍റ് കില്ലറെ മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തത്. നിയുക്ത മുഖ്യമന്ത്രിയായി രേഖ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രാജ്യത്തെ ബിജെപിയുടെ ഏക വനിത മുഖ്യമന്ത്രിയായി മാറും രേഖ ഗുപ്ത. 27 വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയില്‍ അധികാരത്തിലെത്തുമ്പോള്‍, ഒരു വനിത മുഖ്യമന്ത്രി എന്ന ആശയം ബിജെപി മുന്നോട്ടുവയ്ക്കുന്നതിന് പിന്നിലും വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാം. അതെന്താണെന്ന് കാത്തിരുന്ന് തന്നെ കാണണം.