pawan-stalin

കേന്ദ്ര സർക്കാരും തമിഴ്‌നാടും തമ്മിലുള്ള ഭാഷാ തർക്കത്തിനിടയിൽ, ഇന്ത്യയുടെ ഭാഷാ വൈവിധ്യം സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. വെറും രണ്ട് ഭാഷ മാത്രമല്ല, ഇന്ത്യയ്ക്ക് തമിഴ് ഉൾപ്പെടെ വിവിധ ഭാഷകൾ ആവശ്യമാണ്. രാജ്യത്തിന്‍റെ അഖണ്ഡത നിലനിർത്താനും ജനങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും വളർത്തിയെടുക്കാനും ഭാഷാ വൈവിധ്യം സ്വീകരിക്കണമെന്ന് ജനസേന അധ്യക്ഷന്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ത്രിഭാഷാ ഫോർമുല നടപ്പാക്കാൻ വിസമ്മതിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്രവുമായി പോരടിക്കുന്നതിനിടയിലാണ് പവൻ കല്യാണിന്‍റെ പരാമർശം. കേന്ദ്ര സർക്കാര്‍ ഹിന്ദി അടിച്ചേൽപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് സ്റ്റാലിന്‍ ആരോപിക്കുമ്പോള്‍ ഡിഎംകെയെ പേരെടുത്ത് പറയാതെയായിരുന്നു പവൻ കല്യാണിന്‍റെ വിമർശനം. അവര്‍ ഹിന്ദിയെ എതിർക്കുമ്പോൾ തന്നെ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുവെന്നും ഇത് കാപട്യമാണെന്നും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

ചിലർ സംസ്‌കൃതത്തെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർ ഹിന്ദിയെ എതിർക്കുമ്പോള്‍ തന്നെ അവരുടെ സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ്? അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു, അത് ഏത് തരത്തിലുള്ള യുക്തിയാണ്? പവൻ കല്യാൺ ചോദിക്കുന്നു.

നേരത്തെ, തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ ത്രിഭാഷാ നയത്തെക്കുറിച്ചുള്ള സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് മൂന്നാം ഭാഷ അടിച്ചേൽപ്പിക്കുന്നതില്‍ താൽപ്പര്യമില്ല, എന്നാൽ അവർ സ്വമേധയാ ഒന്ന് പഠിക്കാൻ തയ്യാറാണെന്നായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന.

ENGLISH SUMMARY:

Andhra Pradesh Deputy CM Pawan Kalyan criticizes Tamil Nadu politicians for opposing Hindi while profiting from Hindi-dubbed Tamil films.