തന്‍റെ ജീവിതത്തിന് ലക്ഷ്യബോധം പകര്‍ന്നുനല്‍കിയത് ആര്‍എസ്എസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ലെക്സ് ഫീഡ്മാന്‍ പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. മുന്നുമണിക്കൂറിലേറെനീണ്ട പോഡ്കാസ്റ്റില്‍ പാക്കിസ്ഥാനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള ദീര്‍ഘസംഭാഷണത്തിലാണ് മോദി ആര്‍.എസ്.എസുമായുള്ള ബന്ധം വിശദീകരിച്ചത്.
ആര്‍എസ്എസില്‍നിന്ന് ജീവിത മൂല്യങ്ങള്‍ പഠിച്ചത് ഭാഗ്യമാണ്, നിസ്വാര്‍ഥമായ സാമൂഹ്യ സേവനം മാര്‍ഗമാക്കിയ മറ്റൊരു പ്രസ്ഥാനവുമില്ല, ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനം പഠിച്ചാലെ മഹത്വം മനസിലാക്കാനാവൂ എന്നും മോദി. ജനാധിപത്യത്തിന്‍റെ ആത്മാവാണ് വിമര്‍ശനങ്ങള്‍, വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ യഥാർത്ഥ വിമര്‍ശനങ്ങളെ കണ്ടെത്താൻ പ്രയാസമാണ്.
ലോകത്തെവിടെ ഭീകരതയുണ്ടായാലും വേരുകള്‍ നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്ന് മോദി കുറ്റപ്പെടുത്തി. സമാധാനത്തിനായുള്ള ശ്രമമായാണ് സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്കെല്ലാം പാക്കിസ്ഥാന്‍ എതിരുനിന്നു. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ധീരനാണെന്നും മൂന്നുണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റില്‍ മോദി പ്രശംസിച്ചു.