ഫയല്‍ ചിത്രം

ലോക്സഭയില്‍ അര്‍ധരാത്രിവരെ നീണ്ട വഖഫ് നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി എംപി. വിപ്പുണ്ടായിട്ടും പ്രിയങ്ക ഇന്നലെ സഭയില്‍ എത്തിയില്ല. അതേസമയം, സഭയില്‍ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ സംസാരിച്ചില്ല.  288 പേരാണ് ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ചത്.  232 പേര്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്.

ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‍ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ അടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. അതേസമയം, ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയിലെ ഇന്നത്തെ അജന്‍ഡയില്‍ വഖഫ് ബില്‍ അവതരണം ഇല്ല. അധിക അജന്‍ഡയായി ഉള്‍പ്പെടുത്തിയേക്കാനാണ് സാധ്യത.

വഖഫ് ബിൽ ലോക്സഭ പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി കൂറേകൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പ്രതികരിച്ചു. പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകണമായിരുന്നു. വഖഫ് ബിൽ ആർഎസ്എസ് അജൻഡയാണെന്നും മത വിഭജനമാണ് ലക്ഷ്യമെന്നും എളമരം കരീം പ്രതികരിച്ചു. ബില്ലിനെതിരെ മന്ത്രി പി.രാജീവും രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ മുനമ്പം പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന വാദം ശരിയല്ലെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും പി.രാജീവ് പറഞ്ഞു. ഒരു പരിഹാര ക്ലോസും ബില്ലിലില്ലെന്നും ആളുകള്‍ യാഥാര്‍ഥ്യം അറിയാന്‍ പോകുന്നേയുള്ളൂവെന്നും മന്ത്രി. രാജ്യസഭയിൽ കാണാമെന്ന് തോമസ് ഐസകും പ്രതികരിച്ചു. കോൺഗ്രസിന് വഖഫ് വിഷയത്തിൽ രണ്ടു മനസാണ്. കോൺഗ്രസിന് വടക്കേന്ത്യയിൽ മൃദുഹിന്ദുത്വവും തെക്കേന്ത്യയിൽ മതേതരത്വവും. കോൺഗ്രസിന് വേട്ടനായയുടെ സ്വഭാവമെന്നും തോമസ് ഐസക് പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിൽ പാർലമെന്റിൽ പാസായതോടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദപ്രകടനവുമുണ്ടായി. പുലര്‍ച്ചെ സമരപ്പന്തലിന് സമീപം പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും വഖഫ് ഭേദഗതി നിയമമായി പ്രാബല്യത്തില്‍ വന്നശേഷം മാത്രം തീരുമാനമെന്നും സമരസമിതി രക്ഷാധികാരി ഫാ. ആന്‍റണി സേവിയര്‍ തറയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബില്ലിന് മുന്‍കാല പ്രാബല്യമുണ്ടെന്നും ബില്‍ മു‌നമ്പത്ത് ശാശ്വതപരിഹാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷയെന്നും ഫാ. ആന്‍റണി പറഞ്ഞു.

ENGLISH SUMMARY:

Priyanka Gandhi skipped the Waqf Bill debate in Lok Sabha despite the whip. Rahul Gandhi, though present, did not speak. The bill was passed with 288 votes in favor and 232 against, rejecting Opposition amendments.