നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു, ആർഎസ്എസ് ആസ്ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് വിരമിക്കല്‍ തീരുമാനം അറിയിക്കാനാണ്. 75 വയസ്സ് തികയുന്ന സാഹചര്യത്തിലാണ് മോദിയുടെ തീരുമാനം. ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാവുകയാണ്. യോഗി ആദിത്യനാഥ് മുതല്‍ ദേവേന്ദ്ര ഫഡ്നാവിസ് വരെ. അടുത്ത പ്രധാനമന്ത്രി ആരാകുമെന്നും ചര്‍ച്ചകള്‍ നടക്കുന്നു.

വെളിപ്പെടുത്തല്‍ നടത്തിയത് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആയതുകൊണ്ട് തന്നെയാണ് ചര്‍ച്ചകളും പൊടിപൊടിക്കുന്നുത്. പാര്‍ട്ടി ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാണെങ്കിലും സംഘപരിവാര്‍ നേതാക്കളുമായും പരിവാര്‍ പ്രസ്ഥാനങ്ങളുമായും സഞ്ജയ് റാവുത്തിന് അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഒരു സൂചനയും ലഭിക്കാതെ സഞ്ജയ് റാവുത്ത് അത്തരമൊരു പ്രസ്താവന നടത്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വിരമിക്കൽ’ അഭ്യൂഹങ്ങൾക്ക് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായ മറുപടിയുണ്ടായിട്ടില്ല.

സെപ്റ്റംബർ 17നാണ് നരേന്ദ്ര മോദിക്ക് 75 വയസ്സാകുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി വിരമിക്കുമെന്ന സഞ്ജയ് റാവുത്തിന്റെ പരാമർശത്തിനു പിന്നാലെ വലിയ ചർച്ചകളാണുയരുന്നത്. 75 കഴിഞ്ഞവർ മന്ത്രി പദവിയിൽ തുടരേണ്ടെന്ന ബിജെപിയുടെ അലിഖിത നിയമം ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍. മോദിയുടെ പിന്‍ഗാമിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് കൂടുതല്‍ പേരും സാധ്യത കല്‍പിക്കുന്നത്. അമിത് ഷായുടെ പേരും പറയുന്നവരുണ്ട്. എന്നാല്‍ അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് സഞ്ജയ് റാവുത്തിന്‍റെ വാദം.

അതേസമയം, ഇത്തരം നിയമങ്ങളൊന്നും പാര്‍ട്ടിയില്‍ ഇല്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. 80 വയസ്സായ ജിതൻ റാം മാഞ്ചി കേന്ദ്രമന്ത്രിസഭയിലുള്ള കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദിയുടെ പിൻഗാമിയെ തല്‍ക്കാലം അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു. എന്തായാലും മോദിയും യോഗിയുമൊന്നും വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന് സിപിഎം നല്‍കിയ ഇളവ് നരേന്ദ്ര മോദിക്ക് ബിജെപി നല്‍കുമോയെന്ന് കണ്ടറിയാം.

ENGLISH SUMMARY:

Narendra Modi is set to turn 75, and political discussions are heating up about his potential retirement from the position of Prime Minister. His meeting with RSS chief Mohan Bhagwat to announce his retirement decision has triggered speculations about his successor. Figures like Yogi Adityanath and Devendra Fadnavis are being discussed as possible candidates. However, BJP sources have denied any specific rule regarding retirement age, citing examples like Jitendra Ram Manchi. The political focus now shifts to whether the BJP will give Modi a similar extension as Kerala CM Pinarayi Vijayan received from the CPI(M).