rn-ravi-sc

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചത് തെറ്റെന്ന് സുപ്രീംകോടതി. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റിവച്ചത് നിയമവിരുദ്ധമെന്നും സുപ്രീംകോടതി നീരീക്ഷിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍മേല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളത്. അംഗീകാരം നല്‍കാം, തട‍ഞ്ഞുവയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ബില്ലുകള്‍ തടഞ്ഞുവച്ചശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. 10 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവര്‍ണറുടെ  നടപടി സുപ്രീംകോടതി റദ്ദാക്കി. 

ഭരണഘടനയ്ക്ക് അനുസൃതമായേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണം. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് യാതൊരു വിവേചനാധികാരവുമില്ല. 

ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി സമയമപരിധി നിശ്ചയിച്ചു. തടഞ്ഞുവയ്ക്കണോ രാഷ്ട്രപതിക്ക് വിടണോ എന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം. ബില്‍ തടഞ്ഞുവച്ചാല്‍ മൂന്നുമാസത്തിനുള്ളില്‍ തിരിച്ചയക്കണം. നിയമസഭ വീണ്ടും ബില്‍ പാസാക്കി അയച്ചാല്‍ ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

സുപ്രീംകോടതി വിധി ഡി.എം.കെ നയത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രതികരിച്ചു. തമിഴ്നാട് പോരാടുമെന്നും വിജയിക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Supreme Court's Landmark Verdict On Governor's Powers In Tamil Nadu Case