പവാര്‍ കുടുംബങ്ങള്‍ നേര്‍ക്കുനേര്‍ വന്ന മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വോട്ടെടുപ്പിന് ശേഷവും വിവാദങ്ങള്‍ തുടരുന്നു. വോട്ടിങ് മെഷീന്‍ സൂക്ഷിച്ച റൂമിലെ സിസിടിവി മനഃപൂര്‍വം ഓഫ് ചെയ്തെന്ന സ്ഥാനാര്‍ഥി സുപ്രിയ സുളെയുടെ ആരോപണമാണ് ഏറ്റവും ഒടുവില്‍ കേട്ടത്. പരാതി റിട്ടേണിങ് ഓഫിസര്‍ തള്ളിയെങ്കിലും ചോദ്യങ്ങളുയര്‍ത്തി വിഷയം സജീവമാക്കുകയാണ് ശരദ് പവാര്‍ പക്ഷം. 

ബാരാമതിയില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ 45 മിനിറ്റ് ഓഫാക്കിവെച്ചെന്ന ഗുരുതര ആരോപണമാണ് സുപ്രിയ സുളെ ഉന്നയിച്ചത്. ഇതിന് തെളിവായി സിസിടിവി ഡിസ്പ്ലേയുടെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ റിട്ടേണിങ് ഓഫിസറുടെ മറുപടി എത്തി. ഇലക്ട്രിക്കല്‍ ജോലി നടക്കുന്നതിനാല്‍ ഡിസ്പ്ലേ ഓഫായതാണെന്നും ഈ സമയത്തെ ദൃശ്യങ്ങള്‍ ലഭ്യമാണെന്നുമായിരുന്നു മറുപടി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് കാണുവാന്‍ ക്രമീകരിച്ച ഡിസ്പ്ലേയില്‍ എങ്ങനെ തിരിമറി വന്നുവെന്നാണ് ചോദ്യം. 

അജിത് പവാര്‍ പക്ഷം വ്യാപകമായി ബൂത്തുപിടിത്തം നടത്തിയെന്നും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചെന്നുമുള്ള പരാതി സജീവമായി നിലനില്‍ക്കെയാണ് പുതിയ ആരോപണം വരുന്നത്. പുണെ, ബാരാമതി ജില്ലാ സഹകരണ ബാങ്കുകളുടെ പാസ്ബുക്ക് ഉപയോഗിച്ച് കള്ളവോട്ട് വോട്ടുചെയ്തെന്നാണ് പരാതി. അഹമ്മദ്നഗറിലും വോട്ടിന് നോട്ട് എന്ന പരാതി ശരദ് പക്ഷം ഉന്നയിച്ചിരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ കടുക്കുമ്പോള്‍ സുപ്രിയ–സുനേത്ര കുടുംബപോരിലെ വോട്ടുകള്‍ ആര്‍ക്കൊപ്പം പോയെന്ന് ആര്‍ക്കും ഒരു പിടിയുമില്ലെന്ന് വ്യക്തം. കുറഞ്ഞ പോളിങ് ശതമാനമാണ് ഇരു പക്ഷത്തെയും ആശങ്കയിലാക്കുന്നത്. മൂന്നാംഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ ഏറ്റവും കുറവ് പോളിങ് ബാരാമതിയില്‍ ആയിരുന്നു. 59.5 ശതമാനം. പരാജയ ഭീതികൊണ്ടുള്ള മുന്‍കൂര്‍ ജാമ്യത്തിന് മറുപടിയില്ലെന്ന വാദമാണ് അജിത് പവാര്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്.