solanki
കാൻസറിനെ അതിജീവിച്ചു; പക്ഷെ അടുത്തൊന്നും അമ്മയാകാൻ കഴിയില്ല എന്നറിഞ്ഞിട്ടും തന്നെ ചേർത്തു നിർത്തിയ പ്രിയപ്പെട്ടവനെക്കുറിച്ചു 27 വയസ്സുകാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്. സ്തനാർബുദത്തെ പൊരുതി തോൽപ്പിച്ച് പഠനവും പ്രണയവുമെല്ലാം മുന്നോട്ടു കൊണ്ടു പോയി വിവാഹിതയാകാനൊരുങ്ങുന്ന സോലാങ്കി എന്ന യുവതിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകുന്നവർ തങ്ങളുടെ ജീവിത കഥകൾ വിവരക്കുന്ന ‘ബീങ് യു’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് തന്റെ ജീവിതത്തിൽ കാൻസർ വരുത്തിയ മാറ്റങ്ങളും ഒപ്പം ഇപ്പോഴുള്ള തന്റെ അതിജീവന കഥയും യുവതി വ്യക്തമാക്കിയത്.

ബീങ് യുവിൽ യുവതി പങ്കുവച്ച കുറിപ്പിന്റെ പ്രസക്തഭാഗം ചുവടെ:

‘ഇന്നു ഞാൻ കാൻസറിൽ നിന്നു മോചിതയായിരിക്കുന്നു. എന്നാൽ ഡോക്ടർമാർ ചികിത്സയുടെ ഭായഗമായുള്ള ടാമോക്സിഫിൻ എന്ന ഒരു മരുന്ന് ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അഞ്ചുവർഷത്തേക്ക് ആർത്തവമില്ലാത്ത അവസ്ഥയാണ് അത് ശരീരത്തിനു നൽകുക. ഈ സമയത്ത് എനിക്ക് അമ്മയാകാനാകില്ല. മാത്രമല്ല ശാരീരിക ബന്ധത്തിൽ താത്പര്യക്കുറവും കടുത്ത വിഷാദവുമുണ്ടാകാനിടയുണ്ട്. ആത്മവിശ്വാസവുമായി എന്റെ ചുറ്റും പാറപോലെ ഉറച്ചു നിൽക്കാൻ എന്റെ മാതാപിതാക്കളും എന്റെ സുഹൃത്തുക്കളും എല്ലാത്തിലുമുപരി എന്റെ പ്രിയപ്പെട്ടവനുമുണ്ടായിരുന്നു. ഞങ്ങൾ വിവാഹിതരാകുകയാണ് ഈ ഡിസംബറിൽ. അത് കൊണ്ട് തന്നെ നിരവധി പേരാണ് എങ്ങനെയായിരിക്കും ഞങ്ങളുടെ വിവാഹബന്ധം എന്ന് ആശങ്കകൾ പങ്കു വച്ച് എന്റെയും അദ്ദേഹത്തിന്റെയും അടുത്തെത്തിയത്. എന്നാൽ യഥാർത്ഥ സ്നേഹം എന്നു പറയുന്നത് ആത്മാക്കൾ തമ്മിലുള്ള ബന്ധമല്ലേ...!

കാൻസർ ആണ് എന്നെ ബോൾഡ് ആകാൻ പഠിപ്പിച്ചത്. എല്ലാം പഠിച്ചതും ഇപ്പോഴാണ്. എന്റെ ജീവിതം എന്നോട് പറഞ്ഞു തന്നു, ‘ലോകം മുഴുവൻ നമ്മളെ ഇല്ലായ്മ ചെയ്ത് ചവിട്ടിത്താഴ്ത്തിയാലും കരുണയും സഹനശക്തിയും ഒന്നും കൈവിടരുത് എന്ന്.’ ഇന്ന് ജീവിതവും പ്രണയവും എല്ലാം ഞാൻ പുനർ നിർവചനം നടത്തി.