ദൈവം ഒാരോരുത്തർക്കും ഒാരോന്ന് നിശ്ചയിച്ചിട്ടുണ്ട്. അതേ ലഭിക്കൂ. മറ്റുള്ളവർ അഭിനയിക്കുന്നത് കണ്ട് ഞാൻ വിഷമിച്ചിട്ട് കാര്യമില്ല. നഷ്ടബോധമൊന്നുമില്ല. ഞാൻ ആരുടെയടുത്തും വേഷം ചോദിച്ചു പോകാത്തതുകൊണ്ടാണോ ഇനി എന്റെ കുറ്റം കൊണ്ടാണോ എനിക്ക് അവസരം കിട്ടാത്തതെന്ന് എന്നോർത്ത് ആദ്യമൊക്കെ വിഷമിച്ചിരുന്നു.  പിന്നീട് മനസിലായി എല്ലാം നമ്മുടെ തലയിലെഴുതിയതുപോലെയേ നടക്കൂ എന്ന്. ഞാനൊരു തികഞ്ഞ വിശ്വാസിയാണ്. ഏത് വലിയ ഷോയ്ക്ക് പോയാലും എനിക്ക് പ്രാ‍ർഥിക്കാൻ  ഒരു സ്ഥലം വേണം എന്ന ആഗ്രഹമുള്ളൂ. അബി മനോരമ ന്യൂസ് ഒാൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്. 

 

അതോടൊപ്പം തന്റെ വർഷങ്ങളായുള്ള ഒരു സ്വപ്നത്തെപ്പറ്റിയും അബി മനസുതുറന്നു. സംവിധാന മോഹം പണ്ടേ ഉണ്ട്. ഏകദേശം 20 വർഷമായി ആ സ്വപ്നമുണ്ട്. നല്ല കഥകൾ വേണം. നല്ല നിർമാതാക്കൾ വേണം. വലിയ ആഗ്രഹമുണ്ട്. ചിലർ വന്ന് ഇൗ കഥ ചെയ്യൂ എന്ന് പറയും, അത് എനിക്ക് പറ്റാത്തതുകൊണ്ട് ചെയ്യാറില്ല, നല്ല ഒരു ചിത്രം ഒത്തു വന്നാൽ ചെയ്യും. ഞാൻ ഒരാളുടെയടുത്ത് കഥയുമായി ചെന്നപ്പോൾ പറഞ്ഞു കോമ‍ഡിയുമായി വരാൻ. ഇൗ കോമഡി എന്നു പറയുന്ന സാധനം കുത്തിക്കയറ്റി ചിരിപ്പിക്കാൻ പറ്റില്ല. തമാശ സ്വാഭാവികമായി വരണം. 

 

രക്താർബുദം ബാധിച്ച് 54 ാം വയസിൽ അബി ഇൗ ലോകത്തോട് വിടപറയുന്നത് ഇൗ ഒരു സ്വപ്നം കൂടി ബാക്കിവച്ചാണ്.