ഈ വരുന്ന ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടിട്ട് കാൽ നൂറ്റാണ്ടാകുന്നു. കഴിഞ്ഞ നവംബർ 27 ആകട്ടെ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ ഒൻപതാം ചരമവാർഷികമായിരുന്നു.

 

രണ്ടും തമ്മിൽ എന്തു ബന്ധം എന്നാവും അല്ലേ?

 

ബാബറി മസ്ജിദ് തകർക്കപ്പെടരുതെന്ന് ഏറ്റവും ആത്മാർത്ഥമായി ആഗ്രഹിച്ച ഭരണാധികാരിയായിരുന്നില്ലേ വി. പി. സിങ്?. അതിനുവേണ്ടി അദ്ദേഹം സ്വന്തം സർക്കാരിനെപോലും കുരുതി കൊടുക്കാൻ മടിച്ചില്ലല്ലോ.

 

1990ൽ വി. പി. സിങ്ങ് പ്രധാനമന്ത്രിയായിരിക്കു‍മ്പോഴാണ് ബി.ജെ.പി അയോധ്യയിലേയ്ക്ക് രഥയാത്ര നയിക്കുന്നത് – രാമക്ഷേത്രം നിര്‍മ്മിക്കാൻ.

അന്നു വി.പി. സിങ്ങിന്റെ സഖ്യകക്ഷി മന്ത്രിസഭയെ പുറത്തു നിന്നു ബിജെപിയെ പിന്തുണയ്ക്കുന്നുമുണ്ട്. രഥയാത്ര തടയുമെന്നു വി.പി. തടഞ്ഞാൽ മന്ത്രിസഭയുടെ പിന്തുണ പിൻവലിക്കുമെന്നു ബിജെപി യു‍ടെ ഭീഷണി. ആ രഥയാത്രയെ അയോധ്യ ഉൾപ്പെടുന്ന ഉത്തർപ്രദേശിെൻറ മണ്ണിലേക്ക് പോലും വി.പി. സിങ്ങ് പ്രവേശിപ്പിച്ചില്ല.

 

ബീഹാറിൽ വച്ചേ യാത്ര തടയപ്പെട്ടു. പിന്നാലെ പാർലമെൻറിൽ അവിശ്വാസ പ്രമേയം വന്നു.

 

വി.പി. സിങ്ങിന്റെ ഉജ്ജ്വല നിലപാടിനെതിരെ കോൺഗ്രസ്സും ബി.ജെ.പിയും ഒക്കെ വോട്ട്ചെയ്തു. 146 നെതിരെ 342 വോട്ടിനു വി.പി. തോറ്റു.  സര്‍ക്കാർ വീണു. തനിക്കു അധികാരമാണ് വലുത് എന്നു ആ പ്രധാനമന്ത്രി കരുതിയിരുന്നെങ്കിൽ പിന്നെയും ഭരിക്കാമായിരുന്നു.അധികാരത്തേക്കാൾ വലുതാണ് ഇന്ത്യയുടെ 

മതേതരത്വമെന്നും, ന്യൂനപക്ഷ സംരക്ഷണമെന്നും വി.പി. സിങ് ഉറച്ചു വിശ്വസിച്ചു. അതിനായി തന്നെ ത്തന്നെ അദ്ദേഹം കുരുതികൊടുത്തു.

 

അവിശ്വാസ പ്രമേയ ചർച്ചാ വേളയിൽ വി.പി. സിങ് ബിജെപിയോടും, കോൺഗ്രസ്സിനോടും ചോദിച്ചിട്ടുണ്ട് - നിങ്ങൾ ‌എന്തുതരം ഇന്ത്യ സ‍‍ൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന്. 

 

ഇതിനു പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഗവൺമെന്റും എൽ.കെ. അദ്വാനിയുടെ അടുത്ത രഥയാത്രയും 1992 ഡിസംബർ ആറിന്ന് ഉത്തരം നൽകി. ബാബറി പള്ളിയുടെ മിനാരങ്ങൾ തകർന്നുടഞ്ഞു. ബിജെപി ഗുജറാത്ത് കലാപത്തിലൂടെ പിന്നെയും വി. പി. സിങ്ങിന്‍റെ ചോദ്യത്തിനുത്തരം നൽകി. ഇപ്പോൾ നരേന്ദ്ര മോദി ഗവൺമെന്‍റ് അതേ ഉത്തരങ്ങൾ സദാ നൽകിക്കൊണ്ടിരിക്കുന്നു. രാജ്യത്തെങ്ങും അതിന്‍റെ അലയൊലികള്‍ മുഴങ്ങുന്നു. 

 

ഹിന്ദുവും മുസ്‌ലിമും ഇന്നു പരസ്പരം സംശയത്തോടെയും ഭീതിയോടെയും നോക്കികൊണ്ടിരിക്കുകയാണ്. ഹാദിയ പ്രശ്നത്തോടെ കേരളവും സംശയഗ്രസ്ഥരായ ഒരു ജനതയായിക്കഴിഞ്ഞു. എല്ലാറ്റിന്‍റെയും വേരുകൾ ആ ഡിസംബർ ആറിലാണ്. ഒരു പള്ളിയല്ലല്ലോ അന്ന് തകർക്കപ്പെട്ടത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നല്ലേ. മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസമല്ലേ.

 

അയോധ്യയിൽ പൂജ മാത്രമേ നടക്കൂ എന്നാണ് അന്നു കോടതിയോടു വരെ ബി.ജെ.പി പറഞ്ഞിരുന്നത്. പള്ളി തകര്‍ക്കുക മാത്രമല്ല , അവിടെ താൽക്കാലിക ക്ഷേത്രം നിർമ്മിക്കപ്പെടുകവരെ ചെയ്തു.‌ ഗവൺമെന്‍റും പോലീസും കോടതിയും നോക്കി നിൽക്കെ നടത്തിയ അക്രമം ഇന്ത്യൻ മുസ്ലീങ്ങളുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതോടെ അവർക്കു സുരക്ഷിതത്വ ബോധം ഇത്തിരിയെങ്കിലും നഷ്ടമായിട്ടുണ്ട്. തങ്ങൾക്കു വേണ്ടപ്പോൾ, ഭരണകൂടവും ഒപ്പമുണ്ടാവില്ല എന്ന ഭീതി അവരെ ഗ്രസിച്ചിട്ടുണ്ട്. 

 

അങ്ങനെ അരക്ഷിതരായവരില്‍ ഒരു വിഭാഗം പഠനത്തിലും തൊഴിലിലും മാത്രം ശ്രദ്ധിക്കുന്നവരായി. തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുക, നല്ല നിലയിൽ ജീവിക്കുക. വിദേശത്തെങ്കിൽ അങ്ങനെ എന്ന മട്ടിൽ ആ മനുഷ്യർ സ്വയം ഒതുങ്ങി കഴിയുന്നു. പൊതുസമൂഹത്തിൽ ഇടപെട്ടിരുന്ന സമാധാനപ്രിയരായ മുസ്‌ലിം മതനേതാക്കൾ ആകട്ടെ മെല്ലെ നിശബ്ദരായി.  നിസ്സഹായതയുടെ നിശ്ശബ്ദത. ആ വിടവിലേക്കു തീവ്രവാദ സ്വഭാവമുള്ള വിവിധ ഗ്രൂപ്പുകൾ ഇടിച്ചു കയറി. അങ്ങനെ വിഭജനകാലം എന്തെന്ന് ഇന്ത്യ വീണ്ടും അനുഭവിക്കുകയാണ്. ഏറ്റവും ചുരുങ്ങിയതു നമ്മുടെയെല്ലാം മനസ്സുകൾ വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

 

ഇതു അറിയാൻ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ മതി. ഒന്നിച്ചു കൂടുമ്പോഴാണു നമ്മൾ മതേതരരാവുന്നത്. തനിച്ചാവുമ്പോൾ നാം അന്യമതസ്ഥനെ സംശയിക്കണമെന്നു സ്വയം പറയുകയെങ്കിലുമാണ്. 

 

ഇരട്ടയ്ക്കു മതേതരനും ഒറ്റയ്ക്കു മതഭ്രാന്തനുമായി മാറുന്ന ഒരു ജനത എത്ര വലിയ ദുരന്തമാണ്. ഇന്ത്യ ഇന്ന് ആ ദുരന്തമാണ്. സംശയിക്കേണ്ട കേരളവും. ഇവിടെയാണു കഴിഞ്ഞ നവംബർ 27നു ആരും ഓര്‍ക്കാതെ പോയ ആ മനുഷ്യനെ വീണ്ടും വീണ്ടും സ്മരിച്ചുപോകുന്നത്. 

രാജ്യം ഇന്നു ആവശ്യപ്പെടുന്നതു തികച്ചും സെക്കുലറായ, മതന്യൂനപക്ഷങ്ങൾക്കു കണ്ണുമടച്ച്  വിശ്വസിക്കാവുന്ന വി പി സിംഗിനെപ്പോലെ ധീരനായ ഒരു മനുഷ്യസ്നേഹിയെയാണ്.