വലിയ വിവാദങ്ങൾക്കൊന്നും വഴിയൊരുക്കാതെ കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. 

ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട ആശങ്കകളും യുഡിഎഫ് സർക്കാർ അവസാനകാലത്തിറക്കിയ വിമാനവും മാത്രമാണ് അൽപമെങ്കിലും ചർച്ച ചെയ്യപ്പെട്ടത്. ഏതായാലും അടുത്ത സെപ്റ്റംബർ മാസം അവസാനത്തോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങും. 

വൈകാതെ തന്നെ മട്ടന്നൂരിൽ വീണ്ടും വിമാനമിറങ്ങും. അടുത്തമാസം അവസാനത്തോടെ പരീക്ഷണ ലാൻഡിങ് നടത്താനാകുമെന്നാണ് കിയാൽ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ തീയതി നിശ്ചയിക്കുന്നത് ഏയർപോർട്ട് അതോറ്റി ഓഫ് ഇന്ത്യയാണ്. പരീക്ഷണ ലാൻഡിങ് പൂർത്തിയാകുന്നതോടെ ഏത് ദിശയിൽ വിമാനങ്ങൾ പറന്നിറങ്ങണമെന്നും പറന്ന് ഉയയരണമെന്നും ധാരണയാകും. 

ഏൻജിനീയറിങ് ജോലികൾ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂർത്തിയായി. ബാക്കിയുള്ളവ ഒരു മാസത്തിനുള്ളിൽ തീർക്കും. പിന്നെ വിവിധ ലൈസൻസുകൾ നേടിയെടുക്കുകയായിരിക്കും പ്രധാന ദൗത്യം. പ്രതിവർഷം ഒന്നര മില്യൻ രാജ്യാന്തര യാത്രക്കാരും 0.15 മില്യൻ ആഭ്യന്തര യാത്രക്കാരും കണ്ണൂർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സി.ഐ.എസ്.എഫിന്റെ 634 ഉദ്യോഗസ്ഥരായിരിക്കും വിമാനത്താവളത്തിന് സുരക്ഷയൊരുക്കുക. കസ്റ്റംസിൽ 78 ജീവനക്കാരുണ്ടാകും. കേരള പൊലീസിൽ നിന്നുള്ള 145 ഉദ്യോഗസ്ഥരാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. 

 

തയാറായ അടിസ്ഥാന സൗകര്യങ്ങൾ

->റൺവേ : 3050 മീറ്റർ, 45 മീറ്റർ വീതി (പിന്നീട് നാലായിരം മീറ്ററായി നീട്ടും)

-> ഇരുപത് വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. 

-> രണ്ട് അഗ്നിശമന വാഹനങ്ങൾ

-> പാർക്കിങ് സൗകര്യം; 700 കാറുകൾ, 200 ടാക്സികൾ, 25 ബസുകൾ

-> 95000 Sqm. പാസഞ്ചർ ടെർമിനൽ 

-> 48 ചെക്ക് ഇൻ കൗണ്ടറുകൾ

-> 16 എമിഗ്രേഷൻ കൗണ്ടറുകൾ

-> 16 ഇമിഗ്രേഷൻ കൗണ്ടറുകൾ

-> 16 കസ്റ്റംസ് കൗണ്ടറുകൾ (ആദ്യ ഘട്ടത്തിൽ എട്ട് കൗണ്ടറുകൾ മാത്രം)

-> 750 മീറ്റർ മേൽപാലം ( പുറപ്പെടാനുള്ള യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത് )

 

ആകെ 2061 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായുള്ളത്. ഇതിൽ 1277.93 ഏക്കർ ഏറ്റെടുത്ത് കഴിഞ്ഞു. റൺവേ നാലായിരം മീറ്ററാക്കുന്നതിനുവേണ്ടി ഭൂമി ഏറ്റെടുക്കലും ആരംഭിച്ചിട്ടുണ്ട്. കാർ പാർക്കിങ്, ഡ്യൂട്ടിഫ്രീ ഷോപ്പുകൾ, എക്സ്റേ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനായി  മൂപ്പത്തിയൊന്ന്  ടെൻഡറുകളും വിളിച്ചു. 

 

 എയർപോർട്ട് @ 2026 

-> പ്രതിവർഷം 4.67 മില്യൻ യാത്രക്കാർ

-> പ്രതിവർഷം 39,638 വിമാനങ്ങൾ കൈര്യം ചെയ്യാൻ സാധിക്കും

-> പ്രതിവർഷം 60,758 ടൺ കാർഗോ 

-> 3400 മീറ്റർ റൺവേ

-> തിരക്കുള്ള സമയങ്ങളിൽ 18 വിമാനങ്ങളെ വരെ കൈകര്യം ചെയ്യാനുള്ള ശേഷി

 

കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ മംഗളൂരു, കരിപ്പൂർ, കൊച്ചി വിമാനത്താവളങ്ങളിലെ തിരക്ക് കുറയും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മൈസൂരു മേഖലകളിലെ യാത്രക്കാരെയാണ് കണ്ണൂരിലേക്ക് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തോട് അനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വിവിധ പദ്ധതികൾ തുടങ്ങാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.